10 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നു; പ്രതിസന്ധി രൂക്ഷം, ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

Published : Aug 13, 2026, 07:59 PM IST
severe power crisis

Synopsis

ബംഗ്ലാദേശ് കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുകയാണ്. ഇത് രാജ്യവ്യാപകമായി വൈദ്യുതി നിയന്ത്രണത്തിനും ലോഡ്ഷെഡിംഗിനും കാരണമായി. ഇന്ധനക്ഷാമം, എൽഎൻജി വിതരണത്തിലെ തടസ്സങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ. ഈ പ്രതിസന്ധി മറികടക്കാൻ ബംഗ്ലാദേശ് ഇന്ത്യയോട് കൂടുതൽ ഇന്ധനം വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

ധാക്ക: സമീപകാലത്തെ ഏറ്റവും രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ്. രാജ്യത്ത് കടുത്ത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഷോപ്പിങ് മാളുകളും കടകളും രാത്രി 8 മണിയോടെ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശം നൽകി. കർഷകരെയും വ്യവസായങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ഊർജ്ജക്ഷാമം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി.

ഗ്രാമീണ മേഖലയെ ആണ് ഊർജ്ജ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇവിടെ പ്രതിദിനം 8 മുതൽ 10 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നുണ്ട്. നിലവിലെ ഉഷ്ണതരംഗം ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. രാജ്യത്ത് നിലവിൽ 18,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത ഉള്ളപ്പോൾ, 13,000 മെഗാവാട്ടിലെത്തിക്കാൻ പോലും അധികൃതർ പാടുപെടുകയാണ്. ദിവസങ്ങളായി തുടരുന്ന കടുത്ത ലോഡ്ഷെഡിംഗിൽ രോഷാകുലരായ ജനങ്ങൾ ചിലയിടങ്ങളിൽ വൈദ്യുത വകുപ്പ് ഓഫീസുകൾ ആക്രമിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. സെയ്ദ്പൂർ, നിൽഫാമരി, കുഷ്തിയ തുടങ്ങിയ പ്രദേശങ്ങളിൽ അക്രമമുണ്ടായി. ഇതിനെത്തുടർന്ന് പവർ ഗ്രിഡുകൾക്കും സബ് സ്റ്റേഷനുകൾക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് ബിദ്യുത് അസോസിയേഷൻ ആവശ്യപ്പെട്ടു.

കുടിശ്ശിക പിരിക്കാനെത്തുന്ന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയും ആക്രമങ്ങളുമുണ്ടായി. ഇന്ധനത്തിന്‍റെ, പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്‍റെ കടുത്ത ക്ഷാമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ബംഗ്ലാദേശ് ഉപയോഗിക്കുന്ന എണ്ണയുടെ 90 ശതമാനവും പ്രകൃതി വാതകത്തിന്റെ 30 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. യുഎസ് കമ്പനിയായ എക്സലറേറ്റ് എനർജിയുടെ ടെർമിനലിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ജൂലൈ 21 മുതൽ എൽഎൻജി വിതരണം പകുതിയായി കുറഞ്ഞതും മോശം കാലാവസ്ഥ മൂലം എൽഎൻജി കപ്പലുകളിൽ നിന്ന് ഇന്ധനം ഇറക്കാൻ സാധിക്കാതെ വന്നതുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് വഴിവെച്ചത്. കൂടാതെ ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞതും സ്ഥിതി ഗുരുതരമാക്കി.

പ്രതിദിനം 100 കോടി ക്യുബിക് അടിയിലധികം വാതകം ആവശ്യമായ പവർ സെക്ടറിന് നിലവിൽ 70 കോടി ക്യുബിക് അടി മാത്രമാണ് ലഭിക്കുന്നത്. ഇതാണ് രാജ്യത്തുടനീളം കടുത്ത ലോഡ്ഷെഡിംഗിന് കാരണമായത്. മൈമൻസിംഗ്, ബാരിഷാൽ, രംഗപൂർ, സിൽഹെറ്റ്, രാജ്ഷാഹി, ഖുൽന എന്നീ മേഖലകളിലാണ് ക്ഷാമം കൂടുതൽ അനുഭവപ്പെടുന്നത്. നീണ്ടുനിൽക്കുന്ന വൈദ്യുതി തടസ്സം കൃഷിയെയും ഹോട്ടൽ മേഖലയെയും വ്യാവസായിക ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിച്ചു.

പ്രതിസന്ധി മറികടക്കാൻ ഇന്ത്യയോട് കൂടുതൽ ഡീസൽ വിതരണം ചെയ്യണമെന്ന് ബംഗ്ലാദേശ് അഭ്യർത്ഥിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഊർജ്ജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദ് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈൻ വഴിയാണ് ഡീസൽ കൈമാറുന്നത്. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അടിയന്തര ഊർജ്ജ ആവശ്യങ്ങൾക്കായി ബംഗ്ലാദേശ് ഇന്ത്യയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹാളണ്ട്' എക്വഡോറിൽ പിടിയിൽ! ഹാളണ്ടിന്‍റെ ചിത്രം പതിപ്പിച്ച 370 പായ്ക്കറ്റില്‍ യുവതി കടത്തിയത് 469 കിലോഗ്രാം കൊക്കെയ്ന്‍
പ്രതിരോധ മിസൈൽ ക്ഷാമം രൂക്ഷം; കൈവശമുള്ളത് ആവശ്യമായതിന്റെ 1% മാത്രം, യുക്രൈൻ പ്രതിസന്ധിയിൽ