നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

Published : Aug 05, 2025, 12:12 AM ISTUpdated : Aug 05, 2025, 12:19 AM IST
Actor Shanavas

Synopsis

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിൽ അഭിനയിച്ചു.

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

പ്രേംനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾഎന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിലൂടെ അദ്ദേഹം സിനിമാ മേഖലയിൽ തിരിച്ചെത്തിയിരുന്നു. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ അഭിനയിച്ചു.  പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ആയിഷ ബീവിയാണ് ഭാര്യ. ഷമീർ ഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ഷമീർ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം