
ദില്ലി: താലിബാന്‍ അഫ്ഗനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനിയെ തെറിവിളിച്ച് ഇന്ത്യയിലെ അഫ്ഗനിസ്ഥാന്‍ എംബസി ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വാര്‍ത്തയായപ്പോള്‍ ട്വിറ്റര്‍ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് എംബസി പ്രസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം.
ഞായറാഴ്ചയാണ് തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികൾ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി. അതിന് മുന്‍പ് തന്നെ ഗനിയും സംഘവും രാജ്യം വിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ട്വീറ്റ് വന്നത്.
'അപമാനത്താല്‍ തലകുനിഞ്ഞു പോകുന്നു, എല്ലാ കാര്യങ്ങളും താറുമാറാക്കി, എല്ലാരെയും കെണിയിലാക്കി തന്‍റെ അടുത്തവരുമായി ഗനി ബാബ നാടുവിട്ടിരിക്കുന്നു. അഭയാര്‍ത്ഥികളായവരോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. രാജ്യദ്രോഹികളെ അള്ളാഹു ശിക്ഷിക്കട്ടെ. അയാളുടെ ഈ പ്രവര്‍ത്തി നമ്മുടെ ചരിത്രത്തില്‍ കളങ്കമായിരിക്കും' - തിങ്കളാഴ്ച രാവിലെ വന്ന ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. വേറെയും ട്വീറ്റുകള്‍ ഗനിക്കെതിരെ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിലതിന്‍റെ ഭാഷ തീര്‍ത്തും മോശമായിരിന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പ്രസ് സെക്രട്ടറി അബ്ദുള്ളാഹ് അസാദ് രംഗത്ത് എത്തി - അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ കയറാന്‍ സാധിക്കുന്നില്ല. ഒരു സുഹൃത്താണ് ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് നല്‍കിയത്. ഞാന്‍ ലോഗിന്‍ ചെയ്യാന്‍ നോക്കി. പക്ഷെ ലഭിക്കുന്നില്ല, ആരോ ഹാക്ക് ചെയ്ത പോലുണ്ട് - ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേ സമയം തജകിസ്ഥാനിലേക്ക് കടന്നു എന്ന് കരുതുന്ന ഗനിക്കെതിരെ അഫ്ഗനിസ്ഥാനിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പലരും ഭീരുവെന്നാണ് ഇദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ വിശേഷിക്കുന്നത് എന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം രക്ത ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്‍വാങ്ങിയത് എന്നാണ് ഗനി തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവകാശപ്പെടുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam