ആരാണ് മുല്ല അബ്ദുൽ ഗനി ബരാദർ എന്ന നിയുക്ത അഫ്ഗാൻ പ്രസിഡന്റ്?

By Web TeamFirst Published Aug 16, 2021, 11:33 AM IST
Highlights

എഴുപതുകളിലുണ്ടായ സോവിയറ്റ് അധിനിവേശമാണ് ഗനിയുടെ ജീവിതത്തെയും മാറ്റിമറിച്ച നിർണായക വഴിത്തിരിവ്.

കാബുളിന്റെ തെരുവുകൾ താലിബാൻ പടയുടെ നിയന്ത്രണത്തിലായതോടെ, രാജ്യത്തിന്റെ അധികാരം താലിബാന്റെ നേതൃത്വത്തിലേക്ക് എത്തിക്കഴിഞ്ഞു. താലിബാൻ കമാണ്ടർ ആയ മുല്ല അബ്ദുൽ ഗനി ബരാദറിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. ആരാണിയാൾ? 1994 -ൽ താലിബാൻ മുന്നേറ്റത്തിന് തുടക്കം കുറിച്ച നാലുപേരിൽ ഒരാളായിരുന്നു അബ്ദുൽ ഗനി ബരാദർ. ഇന്നും ഹബീബത്തുല്ല അഖുന്ദ്സാദ തന്നെയാണ് താലിബാന്റെ അവസാനവാക്ക് എങ്കിലും,  അവരുടെ രാഷ്ട്രീയ മുഖവും, പൊതുജന മധ്യത്തിൽ ഏറ്റവും പരിചിതമായ വ്യക്തിത്വവും അബ്ദുൽ ഗനി ബരാദർ ആണ്. 

പോരാട്ടങ്ങൾ നടക്കുന്ന സമയത്ത് ദോഹ കേന്ദ്രീകരിച്ചാണ്  ബരാദർ പ്രവർത്തിച്ചിരുന്നത്. വിജയം ഉറപ്പായതോടെ അയാൾ ഖത്തറിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗനിയുടെ പൊതുജനമധ്യത്തിലുള്ള പ്രത്യക്ഷപ്പെടലുകൾ  ഇതുവരെ വിശേഷ ദിനങ്ങളിലെ സന്ദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നതാണ്. 1968 -ൽ ദേരാവുഡ് ജില്ലയിലെ വീറ്റ്മാക് ഗ്രാമത്തിലാണ് ഗനി ബറാദറിന്റെ ജനനം. പോപ്പൽസായി ഗോത്രത്തിൽ ജനിച്ച ഒരു ദോറാനി പഷ്തൂൺ ആണിയാൾ. മുൻ പ്രസിഡന്റ് ഹമീദ് കർസായിയും ഇതേ ഗോത്രത്തിൽ ജനിച്ചയാളാണ്. എഴുപതുകളിലുണ്ടായ സോവിയറ്റ് അധിനിവേശമാണ് ഗനിയുടെ ജീവിതത്തെയും മാറ്റിമറിച്ച നിർണായക വഴിത്തിരിവ്. അക്കാലത്ത് മുല്ല ഒമറിനോട് ചേർന്ന് സോവിയറ്റ് പട്ടാളത്തോട് പോരാടിയ ചരിത്രവും ഗനിയ്ക്കുണ്ട്‌. 

സോവിയറ്റ് പിന്മടക്കത്തിന് പിന്നാലെ അഫ്ഗാനിസ്ഥാൻ കൂപ്പുകുത്തിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ നിന്ന് ഉടലെടുത്ത മുന്നേറ്റമാണ് താലിബാൻ. അന്ന് മുല്ല ഒമറിനൊപ്പം താലിബാൻ രൂപീകരിക്കുന്നതിന് മുൻകൈ എടുത്തത് ഗനി ബരാദർ ആണ്. ഹെറാത്ത് നിംറൂസ് പ്രവിശ്യയുടെ ഗവർണർ ആയും താലിബാൻ ഭരണകാലത്ത് ബരാദർ പ്രവർത്തിച്ചിട്ടുണ്ട്.  2001 -ൽ താലിബാൻ ഭരണം തകർന്നപ്പോൾ, അന്നത്തെ താലിബാൻ ഭരണകൂടത്തിലെ പ്രതിരോധവകുപ്പ് മനര്ഹറ്റിയായിരുന്ന ബറാദർ അന്ന് സമാധാനസന്ധിയുണ്ടാക്കാൻ വേണ്ടി ഹമീദ് കർസായിയെ ചെന്ന് കാണുന്നുണ്ട്. 2010 -ൽ സിഐഎയും ഐഎസ്‌ഐയും ചേർന്ന് കറാച്ചിക്കടുത്ത് ഒരു മദ്രാസ് റെയ്ഡ് ചെയ്ത് ബറാദറിനെ പിടികൂടുന്നു.  തുടർന്ന് വർഷങ്ങളോളം അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിഞ്ഞ ഇയാളെ പിന്നീട്, 2018 സെപ്റ്റംബർ 21 ന് അമേരിക്ക ഇടപെട്ടു മോചിപ്പിച്ച് ഖത്തറിലേക്ക് കടത്തുകയായിരുന്നു. 

 

Mullah Ghani Baradar will be the New Ameer of Islamic Emirate of Afghanistan pic.twitter.com/Q3hmhFwNU1

— Mas Piyu 🇲🇨🇵🇸 (@maspiyuaja)

 

ഇപ്പോൾ, താലിബാന്റെ ഉരുക്കുമുഷ്ടിയിൽ അഫ്ഗാനിസ്ഥാൻ അമർന്ന്, പ്രവിശ്യയിൽ വീണ്ടുമൊരു ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ നിലവിൽ വരുന്ന സാഹചര്യത്തിൽ, മുല്ല  അബ്ദുൽ ഗനി ബരാദർ എന്ന അതിന്റെ  താലിബാനി നിയുക്ത പ്രസിഡന്റ് സ്വീകരിക്കാൻ പോവുന്ന നിലപാടുകളിലേക്ക് ഉറ്റുനോക്കുകയാണ് അന്താരാഷ്ട്ര സമൂഹം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!