
കാബൂൾ: അഫ്ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും. അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങി. ചുമതല ഇടക്കാല സർക്കാരിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. കാബൂൾ നഗരം കൂടി താലിബാൻ കീഴടക്കിയിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്.
അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. റഷ്യയാണ് ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാൻ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് , ജലാലാബാദ് നഗരങ്ങൾ അതിവേഗം കീഴടക്കാൻ താലിബാന് കഴിഞ്ഞത്. അഫ്ഗാൻ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൂടി ഇരച്ചെത്തിയതോടെ വലിയ ദുരന്തത്തിന്‍റെ വക്കിലാണ് കാബൂൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam