
കാബൂള്‍: താലിബാൻ കാബൂളിനടുത്ത് എത്തിയ സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നു. ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരും ആവശ്യപ്പെട്ടു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീർണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തുവേണമെന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിൽ ആലോചന തുടരുന്നു. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. വ്യോമസേനയുടെ സഹായവും തേടും. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി.
കാബൂളിലെ അമേരിക്കൻ എംബസിയിലേക്ക് സൈനിക ഹൈലികോപ്റ്ററുകൾ എത്തി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മേലും സമ്മർദ്ദം ശക്തമാകുന്നത്. അഫ്ഗാൻ മിഷൻ കാലത്ത് ഒപ്പം നിന്ന അവിടുത്തെ പൗരൻമാരെയും പുറത്ത് വരാൻ സഹായിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. നിരവധി അഫ്ഗാൻ പൗരൻമാർ ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നല്കിയിട്ടുണ്ട്. ദില്ലി ജെഎൻയുവിലെ അഫ്ഗാൻ വിദ്യാർത്ഥികളും മടങ്ങിവരാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. സ്ഥിതി കൈവിട്ടു പോയാൽ റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായം ഉറപ്പാക്കാനും ഇന്ത്യ നീക്കം നടത്തുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam