
കാബൂള്‍: അഫ്‍ഗാനിസ്ഥാനില്‍ ഒരു വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ഗസ്‍നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. മഞ്ഞുമൂടിയ പര്‍വ്വതനിരകളില്‍ തകര്‍ന്നു വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. അതേസമയം വിമാനം തകര്‍ന്ന സ്ഥലത്ത് അഫ്‍ഗാനിസ്ഥാന്‍ സൈന്യം എത്തിയെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനം തകര്‍ന്നു വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം ഏതെന്നോ കൊല്ലപ്പെട്ടത് ആരെന്നോ തിരിച്ചറിയാന്‍ അഫ്‍ഗാനിസ്ഥാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. താലിബാന്‍ നിയന്ത്രിത മേഖലയിലാണ് വിമാനം നിലംപതിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. അഫ്‍ഗാന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എരിന എയര്‍ലൈന്‍സിന്‍റെ ബോംയിഗ് വിമാനമാണ് തകര്‍ന്നു വീണത് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ എയര്‍ലൈന്‍ സിഇഒ മിര്‍വൈസ് മിര്‍സാക്ക്വാള്‍ ഇതു നിഷേധിച്ചു.
ഒരു വിമാനം തകര്‍ന്നു വീണിട്ടുണ്ട്. പക്ഷേ അതു ഞങ്ങളുടെ കമ്പനിയുടേതല്ല. ഞങ്ങളുടെ രണ്ട് വിമാനങ്ങളും ഇപ്പോള്‍ സുരക്ഷിതമായി സര്‍വ്വീസ് നടത്തുന്നുണ്ട്. ഹീററ്റ്- കാബൂള്‍ വിമാനം ഇതിനോടകം ലാന്‍ഡ് ചെയ്തു കഴിഞ്ഞു. ദില്ലിയിലേക്ക് പോയ മറ്റൊരു വിമാനം ഇപ്പോള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ട്രാക്ക് ചെയ്തു. അതല്‍പം സമയത്തിനകം ദില്ലിയില്‍ ഇറങ്ങും -റോയിട്ടേഴ്സിനോടായി മിര്‍വൈസ് പറഞ്ഞു.
പ്രാദേശിക സമയം ഉച്ചയോടെയാണ് വിമാനം തകര്‍ന്നു വീണതെന്നും എരിന എയര്‍ലൈന്‍സിന്‍റെ ബോയിംഗ് വിമാനമാണ് തകര്‍ന്നു വീണതെന്നും പ്രവിശ്യ ഗവര്‍ണറുടെ മാധ്യമവക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനം തകര്‍ന്നു വീണെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും താലിബാന്‍ വക്താവ് സബീദുള്ള മുജാഹിദ് പറഞ്ഞു.
അഫ്‍ഗാനിസ്ഥാനിലൂടെ കടന്നു പോയ യാത്രാവിമാനങ്ങളെല്ലാം സുരക്ഷിതമായി കടന്നു പോയിട്ടുണ്ടെന്നും ഏതെങ്കിലും വിമാനം നിലംപതിച്ചതായി ഇതുവരെ വിവരമില്ലെന്നും അഫ്‍ഗാനിസ്ഥാന്‍ എവിയേഷന്‍ ബോര്‍ഡ് അറിയിച്ചു. വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ച ഗസ്‍നി പൊലീസ് മേധാവി എത്ര പേര്‍ കൊലപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബിബിസിയോട് പറഞ്ഞു. പറക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തകര്‍ന്നു വീണ വിമാനത്തിന്‍റേത് എന്ന പേരില്‍ ചില ദൃശ്യങ്ങള്‍ ഇറാന്‍ ദേശീയ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. അമേരിക്കന്‍ സൈനിക വിമാനമാണ് തകര്‍ന്നു വീണതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ സൈന്യം ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam