'എന്നെ ഒന്ന് പുറത്ത് കടക്കാൻ സഹായിക്കാമോ?' ആരും അഭയമില്ലാതെ കാബൂളിലെ സ്ത്രീകൾ

By Web TeamFirst Published Aug 14, 2021, 2:41 PM IST
Highlights

ബിബിസിയുടെ കാബൂളിലെ ലേഖിക യാൾഡ ഹക്കീം എഴുതുന്നു. ആരും അഭയം നൽകാനില്ലാതെ നിലവിളിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ, കാബൂളിലെ സ്ത്രീകൾ. അവർ ചെയ്ത കുറ്റമോ? സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചുവെന്നത് മാത്രം. 

ബിബിസിയുടെ കാബൂളിലെ ലേഖിക യാൾഡ ഹക്കീം എഴുതുന്നു. ആരും അഭയം നൽകാനില്ലാതെ നിലവിളിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ, കാബൂളിലെ സ്ത്രീകൾ. അവർ ചെയ്ത കുറ്റമോ? സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചുവെന്നത് മാത്രം. 

 

: ബിബിസി ലേഖിക യാൾഡ ഹക്കീം

കാബൂൾ: 'എല്ലാ ദിവസവും രാത്രി കാബൂൾ നഗരത്തിലെ പേടിച്ചരണ്ട സ്ത്രീകളും പുരുഷൻമാരും എന്നെ വിളിക്കും. എന്തെങ്കിലും രക്ഷയുണ്ടോ എന്ന് ചോദിച്ച് മെസ്സേജുകൾ അയക്കും. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ, എന്നവർ പറയും. ഇവിടെ സ്ഥിതി ഗുരുതരമാണ്. ഞങ്ങളെല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്, എന്ന് പറയും'

കാബൂളിനിപ്പോഴും ആ വാർത്തകൾ വിശ്വസിക്കാനായിട്ടില്ല. ചുറ്റുമുള്ള ഓരോ നഗരങ്ങളും താലിബാന് മുന്നിൽ വീഴുമ്പോൾ ആ വാർത്തകളറിഞ്ഞ് ആഘാതത്തിലാണ് കാബൂൾ നഗരവാസികൾ. ഒരാഴ്ച കൊണ്ട് താലിബാൻ രാജ്യമാകെ ആധിപത്യം സ്ഥാപിച്ചു. 18-ഓളം പ്രവിശ്യാതലസ്ഥാനങ്ങൾ സ്വന്തം കീഴിലാക്കി. ഇനിയവരുടെ കണ്ണുകൾ ഏറ്റവും വിലപ്പെട്ട ഒന്നിലാണ് - അഫ്ഗാൻ തലസ്ഥാനമായ കാബൂൾ. 

 : യാൾഡ ഹക്കീമിന് ഒരു യുവതി അയച്ച മെസ്സേജ് (പരിഭാഷ)

അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു പതിറ്റാണ്ടിലേറെയായി ഞാൻ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളായ മാധ്യമപ്രവർത്തകരെയും വനിതാ ജഡ്ജിമാരെയും, വനിതാ പാർലമെന്‍റംഗങ്ങളെയും മനുഷ്യാവകാശപ്രവർത്തകരെയും സർവകലാശാലാ വിദ്യാർത്ഥികളെയും എനിക്കറിയാം. മിക്കവരും അടുത്ത സുഹൃത്തുക്കളുമാണ്.

അവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നതിതാണ് - അടച്ചിടലിൽ നിന്ന് ഞങ്ങൾ പുറത്തുവന്നത്, അമേരിക്കൻ/ പാശ്ചാത്യ ഭരണകൂടം ഇവിടെയെത്തിയതിന് പിന്നാലെയാണ്. അമേരിക്കൻ സഖ്യസേനയുടെ പിൻബലത്തിൽ നിർമിക്കപ്പെട്ട അഫ്ഗാൻ ഭരണകൂടത്തിന് കീഴിൽ വളർന്നുവന്ന ഒരു തലമുറയുണ്ടിവിടെ. അവരെല്ലാവരും സ്വാതന്ത്ര്യത്തിലും അവസരങ്ങളിലും ജീവിച്ചവരാണ്. 

അവരിന്ന് ജനാധിപത്യലോകത്തിൽ നിന്ന് ഏറെ അകലെയാണ്. ഒരിക്കൽ സ്വതന്ത്രരാണെന്ന് വിശ്വസിച്ച് ജീവിച്ചവരാണ് എല്ലാവരും. 

കാബൂളിലേക്ക് ഏറ്റവുമൊടുവിൽ പോയപ്പോൾ, താലിബാന്‍റെ മുൻനിരകമാൻഡർമാരുമായി ഞാൻ സംസാരിച്ചിരുന്നു. എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത് ശരീഅത്ത് നിയമം കർശനമായി വീണ്ടും അഫ്ഗാനിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ്. ശരീഅത്ത് നിയമമനുസരിച്ചുള്ള കുറ്റങ്ങൾക്കുള്ള ശിക്ഷയിങ്ങനെയാണ്, വിവാഹേതരബന്ധത്തിന് കല്ലെറിഞ്ഞ് കൊല്ലൽ, കളവിന് കൈ മുറിച്ച് മാറ്റൽ- ഇതോടൊപ്പം 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശവുമുണ്ടാകില്ല. 

ഇതല്ല അഫ്ഗാനിസ്ഥാനിലെ യുവതികൾ സ്വപ്നം കണ്ടത്. അവർക്ക് വേണ്ടത് താലിബാന്‍റെ അഫ്ഗാനിസ്ഥാനെയല്ല. എന്നാൽ താലിബാൻ കാബൂളിലേക്ക് അടുക്കുമ്പോൾ, ഈ സ്ത്രീകൾക്ക് ഓടാനുമൊളിക്കാനുമൊരിടമില്ല. 

''അമേരിക്കയും സർക്കാരുമായി എന്തെങ്കിലും ബന്ധമുള്ള എല്ലാവരെയും താലിബാൻ കൊലപ്പെടുത്തുമെന്നാണ് ഇവിടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. ഞങ്ങൾക്ക് ശരിക്ക്, ശരിക്ക് പേടിയുണ്ട്', ചിലർ എന്നോട് പറഞ്ഞു.

എന്നാൽ ഈ നിലവിളികളോട് അമേരിക്കയ്ക്കും സഖ്യസേനയ്ക്കുമുള്ള മറുപടിയെന്ത്? ഇപ്പോൾ മൗനം മാത്രം.

(ബിബിസി കാബൂൾ ലേഖിക യാൾഡ ഹക്കീം എഴുതിയ ഗ്രൗണ്ട് റിപ്പോർട്ടിന്‍റെ സ്വതന്ത്രപരിഭാഷ)

click me!