അമേരിക്കയുടെ ആ വിമാനത്തില്‍ പോയത് 640 പേര്‍; ലോകം ആശങ്കയോടെ നോക്കുന്ന ആ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത്.!

By Web TeamFirst Published Aug 17, 2021, 1:38 PM IST
Highlights

പരമാവധി 134 പേര്‍ക്കാണ് ഈ വിമാനത്തില്‍ ഇരുന്ന് സഞ്ചരിക്കാവുവാന്‍ സാധിച്ചിരുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ഇതില്‍ കൂടുതല്‍ ആളുകളെ എടുക്കാം. എന്നാല്‍ 800 പേര്‍ എന്നത് അമേരിക്കന്‍ എയര്‍ഫോഴ്സ് എടുത്ത കടുത്ത നടപടിയാണ് എന്നാണ് വ്യോമയാന രംഗത്തുള്ളവരുടെ അഭിപ്രായം. 

ദോഹ: ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിയുന്ന വിമാനമാണ് സി17 എ. യുഎസ് വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. അടിയന്ത സാഹചര്യങ്ങളിലെ വലിയ ചരക്കു നീക്കങ്ങള്‍, രക്ഷപ്രവര്‍ത്തനം, സൈനിക വിന്യാസം തുടങ്ങിയതാണ് പ്രധാന ദൌത്യങ്ങള്‍. ഇന്ത്യന്‍ സൈന്യവും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെ ശരിക്കും ഞെട്ടിച്ചതാണ് ഈ വിമാനത്തിന് ഉള്ളില്‍ നിന്നുള്ള കാഴ്ച.

കാബൂളില്‍ നിന്നും പറന്ന  സി-17എ ചരക്കുവിമാനം ഖത്തറിലാണ് ഇറങ്ങിയത്. അവിടുത്തെ അല്‍ ഉദൈയ്ദ് വ്യോമതാവളത്തിലെ എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ വിമാനത്തില്‍ ഇറങ്ങും മുന്‍പ് പൈലറ്റിനോട് ചോദിച്ചു, എത്രപേരുണ്ട് വിമാനത്തില്‍. 800 ഓളം പേരുണ്ട് വിമാനത്തില്‍, ശരിക്കും വിമാനതാവള അധികൃതര്‍ ഞെട്ടി. പരമാവധി 174 പേരെ വഹിക്കാവുന്ന രീതിയിലാണ് വിമാനം തയ്യാറാക്കിയത്. നിര്‍മ്മാതാക്കളായ ബോയിംഗ് പോലും ചിന്തിച്ച് കാണില്ല ഇത്തരം ഒരു യാത്ര. 

പരമാവധി 134 പേര്‍ക്കാണ് ഈ വിമാനത്തില്‍ ഇരുന്ന് സഞ്ചരിക്കുവാന്‍ സാധിച്ചിരുന്നത്. ശരിക്കും സി–17എ ഗ്ലോബല്‍ മാസ്റ്റര്‍ എന്ന വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ഭാരം 171,000 പൌണ്ടാണ്. ഒരാള്‍ക്ക് 200 പൌണ്ട് എന്ന് കൂട്ടിയാല്‍ 800 പേരെ വഹിക്കാന്‍ ഈ വിമാനത്തിന് കഴിയും. എങ്കിലും ഫുള്‍ ലോഡിലുള്ള ആകാശയാത്ര ശരിക്കും അപകടകരം തന്നെയാണ്.  അത്യാവശ്യഘട്ടങ്ങളില്‍ ഇതില്‍ കൂടുതല്‍ ആളുകളെ എടുക്കാം. എന്നാല്‍ 800 പേര്‍ എന്നത് അമേരിക്കന്‍ എയര്‍ഫോഴ്സ് എടുത്ത കടുത്ത നടപടിയാണ് എന്നാണ് വ്യോമയാന രംഗത്തുള്ളവരുടെ അഭിപ്രായം. 

എന്നാല്‍ പിന്നീട് വന്ന ഡിഫന്‍സ് വണ്‍ സൈറ്റിന്‍റെ വാര്‍ത്തകള്‍ പ്രകാരം വിമാനത്തില്‍ അഫ്ഗാന്‍ ഉണ്ടായിരുന്ന അഫ്ഗാന്‍ പൗരന്മാര്‍ 640 പേരാണ് എന്ന് പറയുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസം കാബൂള്‍ വിമാനതാവളത്തിലെ അതിസങ്കീര്‍ണ്ണമായ അവസ്ഥയില്‍ ഒരു എണ്ണവും നോക്കാതെ ആളുകളെ അമേരിക്കന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ കയറ്റുകയാണ് ഉണ്ടായതെന്ന് വേണം കരുതാന്‍.

അതേ സമയം സി–17എ വിമാനത്തില്‍  670 പേരെ വഹിച്ചിരുന്ന സംഭവങ്ങള്‍ ഉണ്ടെന്നും ചില വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. അതേ സമയം ഇപ്പോള്‍ വൈറലാകുന്ന ചില ദൃശ്യങ്ങളില്‍ ആകാശത്ത് നിന്നും വിമാനത്തില്‍ നിന്നും വീണു മരിക്കുന്നവരുടെ ദൃശ്യങ്ങളുണ്ട്. അത് ഈ വിമാനത്തില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം തന്നെ, ഇത്രയും ആളുകളെ കൊണ്ടുപോകാന്‍ സാധിച്ചത് ആദ്യഘട്ടത്തില്‍ ഇന്ധനം കുറച്ച് നിറച്ച് ടേക്ക് ഓഫ് ചെയ്തത് കൊണ്ടാണെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ആകാശത്ത് വച്ചാണ്  സി–17എ ഇന്ധനം നിറച്ചത്. ഫുള്‍ ടാങ്കായിരുന്നു ഇന്ധനമെങ്കില്‍ ഇത്രയും പേരെ വച്ച് ടേക്ക് ഓഫ് നടക്കില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

പൈലറ്റുമാരും ലോഡ്മാസ്റ്ററും അടക്കം മൂന്നു ജീവനക്കാരെ വച്ചാണ് സി–17എ പറക്കുന്നത്. നാല് പ്രാറ്റ് ആൻഡ് വിറ്റ്നി ടർബൊ ഫാൻ എൻജിനുകളാണ് ഈ വിമാനത്തിനുള്ളത് . മണിക്കൂറിൽ 830 കിലോമീറ്ററാണ് ക്രൂസിംഗ് വേഗത്തില്‍ പോകാന്‍ സാധിക്കും. പരമാവധി 45,000 അടി ഉയരത്തിലാണ് ഇതിന് സഞ്ചരിക്കാന്‍ കഴിയുന്ന ഉയരം. ഏത് ദുര്‍‍ഘടമായ സ്ഥലത്ത് ഇറങ്ങാനും, ടേക്ക് ഓഫ് ചെയ്യാനും സാധിക്കുമെന്നാണ് ഈ വിമാനത്തിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!