Latest Videos

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് ആവശ്യം

By Web TeamFirst Published Aug 17, 2021, 12:03 PM IST
Highlights

''എല്ലാവർക്കും പൊതുമാപ്പ് നൽകിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം..''

കാബൂൾ: അഫ്​ഗാനിലെ മുഴുവൻ സ‍ർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ‍. പൊതുമാപ്പ് നൽകിയെന്നുംമുഴുവൻ സ‍ർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്കെത്തണമെന്നും താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു. അഫ്​ഗാന്റെ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്റെ പുതിയ നീക്കം. 

''എല്ലാവർക്കും പൊതുമാപ്പ് നൽകിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം''. - താലിബാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 

Read More: കാബൂൾ എംബസി അടച്ച് ഇന്ത്യ, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടു വരുന്നു, ഇ- വിസ ഏർപ്പെടുത്തി

ഓ​ഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ.കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്ത് അധികാരം ഉറപ്പിച്ചിരുന്നു. പകരം താലിബാൻ്റെ കൊടി നാട്ടുകയും ചെയ്തു. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ അൽ ജസീറ പുറത്ത് വിട്ടു. അഫ്​ഗാനിസ്ഥാൻ ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ എന്നാണ് അറിയപ്പെടുകയും താലിബാൻ പ്രഖ്യാപിച്ചു. ‌

Read More : മനുഷ്യാവകാശം സംരക്ഷിക്കണം, ഭീകരവാദികളുടെ താവളമാകരുത്; 'അഫ്ഗാനിൽ' യുഎൻ പ്രമേയം

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചു. ഇതിന്‍റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അൽപസമയം മുമ്പാണ് കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നത്. 

ഈ വിമാനത്തിൽ എംബസിയിലെ  നിർണായക രേഖകൾ അടങ്ങിയ ഫയലുകളും ഉണ്ട്. കാബൂളിലെ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ഈ വിമാനത്തിൽ മടക്കിക്കൊണ്ടുവരുന്നുണ്ടെന്നും, ഇനിയാരും കാബൂളിൽ ബാക്കിയില്ലെന്നും ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അഫ്ഗാനിൽ നിന്ന്, അഫ്ഗാൻ പൗരൻമാർ അടക്കം അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!