തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ടൈം മാഗസിന് മോദി വിഭജന നായകന്‍, ശേഷം ഐക്യനായകന്‍

Published : May 29, 2019, 02:26 PM ISTUpdated : May 29, 2019, 02:33 PM IST
തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ടൈം മാഗസിന് മോദി വിഭജന നായകന്‍, ശേഷം ഐക്യനായകന്‍

Synopsis

ലോക പ്രസിദ്ധമായ ടൈം മാഗസിന്‍ കഴിഞ്ഞ ലക്കത്തില്‍ മോദിയെ വിഭജന നായകനാക്കി ലേഖനമെഴുതിയത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നും വ്യത്യസ്ത നിലപാടുകളായിരുന്നു ടൈം സ്വീകരിച്ചത്.

ന്യൂയോര്‍ക്ക്: ലോക പ്രസിദ്ധമായ ടൈം മാഗസിന്‍ കഴിഞ്ഞ ലക്കത്തില്‍ മോദിയെ വിഭജന നായകനാക്കി ലേഖനമെഴുതിയത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നും വ്യത്യസ്ത നിലപാടുകളായിരുന്നു ടൈം സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ്  ഫലം പുറത്തുവന്ന ശേഷം ടൈം മാഗസിന്‍റെ ഓണ്‍ലൈനില്‍ എഴുതിയ ഒരു ലേഖനത്തില്‍ മോദിയെപ്പോലെ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയെ ഐക്യപ്പെടുത്തിയ മറ്റൊരു പ്രധാനമന്ത്രിയില്ലെന്നാണ് പറയുന്നത്.

മേയ് മാസം 20 ന് പുറത്തിറങ്ങേണ്ടിയിരുന്ന  മാഗസിന്‍റെ കവര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. അതിന്‍റെ തലക്കെട്ട്  മോദിയെ ഇന്ത്യയുടെ വിഭജന നായകന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.  രാജ്യം പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോഴാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന മാഗസിന്‍റെ കവര്‍ പുറത്തുവന്നത്. ഇത് വിവാദത്തിന് വഴിതെളിച്ചു.

എന്നാല്‍ പുതിയ ലേഖനത്തില്‍, 'ഭരണം നിലനിര്‍ത്തുക എന്നതിനപ്പുറം എങ്ങനെയാണ് ഇത്രയും ഭീകരമായൊരു ഭൂരിപക്ഷം മോദിക്ക് ലഭിച്ചത്? ആ പിന്തുണ എവിടെ നിന്നാണ്? അതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ... ഇന്ത്യയുടെ ഏറ്റവും വലിയ പരാധീനതയായ വര്‍ഗീയ വിഭജനം എന്നതിനപ്പുറം മോദി കടന്നെത്തിയിരിക്കുന്നു എന്നതാണ്'  മനോജ് ലഡ്വയുടെ പുതിയ ലേഖനത്തില്‍ പറയുന്നു.

പിന്നോക്ക വിഭാഗത്തിലാണ് മോദി ജനിച്ചതെന്നും അവരുടെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചാണ് അദ്ദേഹം വളര്‍ന്ന വന്നതെന്നും ലേഖനം പറയുന്നു. സവര്‍ണാധിപത്യമാണെന്ന നിരന്തര വിമര്‍ശനവും പുതിയ ലേഖനത്തില്‍ ടൈം മാഗസിന്‍ മറക്കുന്നു. ഗുജറാത്തിലെ കൂട്ടക്കൊലയുടെയും കലാപത്തിന്‍റെയും കാലത്ത് മോദിക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്ന ടൈം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. 2012 ല്‍ മോദിയെന്നാല്‍ ബിസിനസാണെന്ന് പറഞ്ഞു തുടങ്ങിയ ടൈം മാഗസിന്‍ പിന്നീട് പ്രശംസകളുമായും നിലയുറപ്പിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മോദിയെ വാഴ്ത്താനും മാഗസിന്‍ മടി കാട്ടിയിട്ടില്ല. ഇന്ത്യയെ ഒരു വര്‍ഷം കൊണ്ട് ആഗോള ശക്തിയാക്കിയ നേതാവ് എന്ന നിലയിലാണ് അന്ന് ടൈം മാഗസിന്‍ പുറത്തിറങ്ങിയത്.എന്നാല്‍ വിഭജന നായകനാക്കി അവതരിപ്പിക്കുന്ന കഴിഞ്ഞ ലേഖനവും മുഖചിത്രവും ആഗോളതലത്തില്‍ മോദിക്ക് പ്രസക്തി നഷ്ടമാകുന്നുവെന്നാണ് കാണിക്കുന്നതെന്നും വിലയിരുത്തലുകളുണ്ടായി. 

ആതിഷ് തസീര്‍ ആണ് അഞ്ച് വര്‍ഷത്തെ മോദി ഭരണത്തെ വിലയിരുത്തിയിരുന്നത്.  ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഭരണകാലത്തെ മതേതരത്വവുമായി താരതമ്യം ചെയ്താല്‍ മോദി കാലത്ത് സാമൂഹ്യ സമ്മര്‍ദ്ദത്തിലേക്ക് രാജ്യം  മാറിയെന്നും ലേഖനം നിരീക്ഷിച്ചിരുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് ഭരണകൂടത്തിന്‍റെ പിന്തുണയുണ്ടെന്ന വിമര്‍ശനവും ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

നേരത്തെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയില്‍ ടൈം മാഗസിന്‍ മോദിക്ക് ഇടം നല്‍കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് പിന്നിലെത്താന്‍ മോദിക്ക് സാധിച്ചത് ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രചാരം നല്‍കിയിരുന്നു. 

PREV
click me!

Recommended Stories

10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ
പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ