
ദോഹ: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. ചൊവ്വാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയിലാണ് ഹനിയ്യ ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തില്‍ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ പ്രസ്താവനയില്‍ പറയുന്നു.
ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയെന്നാണ് സൂചന. ഇതിനോടകം 13,300ല്‍ അധികം പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ ആയിരക്കണക്കിന് കുട്ടികളും ഉള്‍പ്പെടുന്നു. ഖത്തറിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ മദ്ധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇസ്മയില്‍ ഹനിയയും ഖത്തറിലാണ്.
ബന്ദികളില്‍ ചിലരെ വിട്ടയക്കാനും പകരം താത്കാലികമായ വെടിനിര്‍ത്തല്‍ അംഗീകരിക്കാനുമുള്ള കരാര്‍ വളരെ ചെറിയ പ്രായോഗിക തടസങ്ങളില്‍ തട്ടിനില്‍ക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞത്. ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഉടന്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അഭിപ്രായപ്പെട്ടു.
ദക്ഷിണ ഗാസയില്‍ അഞ്ച് ദിവസത്തേക്ക് ഇസ്രയേലിന്റെ കരയുദ്ധം നിര്‍ത്തിവെയ്ക്കാനും വ്യോമാക്രമണം നിയന്ത്രിക്കാനുമുള്ള കരാറിനായാണ് ശ്രമമെന്ന് ഇതുമായി അടുപ്പമുള്ള വൃത്തങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. ഇതിന് പകരമായി ഹമാസും ഇസ്ലാമിക് ജിഹാദും ബന്ധികളാക്കി വെച്ചിരിക്കുന്ന 50 മുതല്‍ 100 പേരെ മോചിപ്പിക്കും. ഇസ്രയേലി സിവിലിയന്മാരെയും ബന്ദികളായ മറ്റ് രാജ്യക്കാരെയുമായിരിക്കും ഇങ്ങനെ മോചിപ്പിക്കുക. എന്നാല്‍ ഇതില്‍ സൈനികരുണ്ടാവില്ല. ഇതോടൊപ്പം ഇസ്രയേലി ജയിലില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 300 പലസ്തീനികളെ മോചിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam