ചെങ്കടലിലും ഹോർമുസ് കടലിടുക്കിലുമായി 20 സബ്‌സീ കേബിളുകൾ കടന്നുപോവുന്നുണ്ട്. ചെങ്കടലിലൂടെ കടന്നുപോവുന്ന ഇത്തരം കേബിളുകൾ യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ട്രാഫിക്കിന്റെ പ്രധാന പങ്കും വഹിക്കുന്നവയാണ്
ടെഹ്റാൻ: അമേരിക്കയുടേയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചു. പിന്നാലെ ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിൽ മറ്റൊരു ആശങ്ക കൂടി ഉയരുന്നു. ആഗോള ഇന്റർനെറ്റ് സ്തംഭിപ്പിക്കാൻ ഇറാന് സാധിക്കുമോയെന്നതാണ് പുതിയ ആശങ്ക. ആഗോള ഇന്റർനെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്ന നിർണായക കേബിളുകളും ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമൂസ് കടലിടുക്കിലൂടെ പോവുന്നുണ്ട്. ഇവയ്‌ക്കേൽക്കുന്ന ഏതൊരു നാശനഷ്ടവും ഇന്റർനെറ്റ് തടസ്സപ്പെടാൻ കാരണമാകുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥകളെ സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്കാണ് കടന്നിട്ടുള്ളത്. ഹോർമുസ് കടലിടുക്ക് തടഞ്ഞതിലൂടെ ഇറാൻ ഇതിനോടകം തന്നെ ആഗോളതലത്തിൽ ഊർജ്ജ വിതരണം തടസ്സപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ അമേരിക്ക ഇറാന്റെ എണ്ണ നിലയങ്ങൾ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ട്. അടുത്തതായി ഇറാൻ ലോകത്തിന്റെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുമോയെന്നതാണ് നിലവിലെ ആശങ്ക. ഇറാനെ പിന്തുണച്ച് ഹൂത്തികൾ ചെങ്കടലിലെ ബാബ് എൽ മന്ദേബ് കടലിടുക്കിന് നേരെ തിരിഞ്ഞാൽ ആഗോളതലത്തിൽ ഇൻറർനെറ്റ് ബന്ധത്തിലും പ്രശ്നങ്ങളുണ്ടാക്കാൻ പശ്ചിമേഷ്യയിലെ സംഘർഷത്തിന് സാധിക്കുമെന്നാണ് നിരീക്ഷണം. സമുദ്രത്തിനടിയിലുള്ള ഫൈബർ ഒപ്റ്റിക് കേബിളുകളുടെ ഒരു വലിയ ശൃംഖലയ്ക്ക് മുകളിലാണ് ബാബ് എൽ മന്ദേബ് കടലിടുക്കുള്ളത്. വീഡിയോ കോളുകൾ, ഇമെയിലുകൾ മുതൽ ബാങ്കിംഗ് ഇടപാടുകളും ആർട്ടിഫീഷ്യൽ ഇൻറലിജൻസ് സേവനങ്ങളും വരെയുള്ള ആഗോള ഇന്റർനെറ്റിന് കരുത്തേകുന്ന ഡാറ്റയുടെ ഭൂരിഭാഗവും ഈ കേബിളുകളിലൂടെയാണ് സഞ്ചരിക്കുന്നത്.
ചെങ്കടലിലും ഹോർമുസ് കടലിടുക്കിലുമായി 20 സബ്‌സീ കേബിളുകൾ കടന്നുപോവുന്നുണ്ട്. ചെങ്കടലിലൂടെ കടന്നുപോവുന്ന ഇത്തരം കേബിളുകൾ യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ട്രാഫിക്കിന്റെ പ്രധാന പങ്കും വഹിക്കുന്നവയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന AAE-1, FALCON, ഗൾഫ് ബ്രിഡ്ജ് ഇന്റർനാഷണൽ കേബിൾ സിസ്റ്റം, ടാറ്റ TGN ഗൾഫ് തുടങ്ങിയ കേബിളുകൾ ഇന്ത്യയുടെ വിദേശ ഡാറ്റാ കണക്ഷനുകളെ നേരിട്ട് പിന്തുണയ്ക്കുന്നവയാണ്.ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികൾ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ വലിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ കോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. കപ്പൽ ഗതാഗതം തടസപ്പെട്ടാൽ ഈ കേബിളുകളിലെ തകരാറുകൾ പരിഹരിക്കുന്നത് ഏറെക്കുറെ അസാധ്യമാകും. യുദ്ധം നടക്കുന്ന മേഖലകളിൽ കേബിൾ തകരാറുകൾ പരിഹരിക്കാനുള്ള കപ്പലുകൾ പ്രവേശിക്കുന്നത് വലിയ അപകടമാണ്.
കേബിളുകൾക്ക് നാശനഷ്ടം സംഭവിച്ചാൽ അത് ഫോണുകളെയും വെബ്സൈറ്റുകളെയും മാത്രമല്ല ബാധിക്കുക. ബാങ്കുകൾ, സ്റ്റോക്ക് മാർക്കറ്റുകൾ, ആശുപത്രികൾ, ആർട്ടിഫീഷ്യൽ ഇൻറലിജൻസ് സംവിധാനങ്ങൾ എന്നിവയെല്ലാം ഈ ലിങ്കുകളെയാണ് ആശ്രയിക്കുന്നത്. ഗൾഫ് രാജ്യങ്ങളെയാകും ഇത് ആദ്യം ബാധിക്കുകയെങ്കിലും ഇന്ത്യയിലും ഇന്റർനെറ്റ് വേഗത കുറയാൻ ഇത് കാരണമാകും.നിലവിൽ കേബിളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, കടലിലെ മൈനുകളും നിരന്തരമായ ആക്രമണങ്ങളും കാരണം ഇതിനുമുമ്പൊരിക്കലും ഇല്ലാത്തവിധം വലിയൊരു ഭീഷണി നിലനിൽക്കുകയാണ്.


