
ബോസ്റ്റൺ: വിമാനം പറക്കുന്നതിനിടെ ആകാശത്ത് വെച്ച് മുഖ്യ പൈലറ്റിന് പെട്ടെന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂവാർക്കിൽ നിന്നും കാനഡയിലെ ഹാലിഫാക്സിലേക്ക് പോവുകയായിരുന്ന എയർ കാനഡയുടെ എ.സി 7664 വിമാനത്തിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു നാടകീയമായ സംഭവങ്ങൾ ഉണ്ടായത്.
യാത്രയ്ക്കിടയിൽ കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റന് അപസ്മാരത്തിന് സമാനമായ കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനത്തിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെടുകയും വിമാനം ആകാശത്ത് വെച്ച് വശങ്ങളിലേക്ക് ആടിയുലയാൻ തുടങ്ങുകയും ചെയ്തു. വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ എയർഹോസ്റ്റസുമാർ കോക്ക്പിറ്റിലേക്ക് ഓടിക്കയറി. തുടർന്ന് ബോധരഹിതനായ പൈലറ്റിനെ അവർ പുറത്തേക്ക് വലിച്ച് മാറ്റാൻ ശ്രമിച്ചു.
‘വിമാനം പെട്ടെന്ന് അതിശക്തമായി വശങ്ങളിലേക്ക് ചരിയാൻ തുടങ്ങി. തൊട്ടുപിന്നാലെ എയർഹോസ്റ്റസുമാർ പരിഭ്രാന്തിയോടെ കോക്ക്പിറ്റിലേക്ക് ഓടിക്കയറുന്നതും പൈലറ്റിനെ പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതും കണ്ടു. അതൊരു ഭയാനകമായ അവസ്ഥയായിരുന്നു. ഞാനും മറ്റ് നാല് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ക്രൂവിനെ സഹായിക്കാൻ മുന്നോട്ട് വന്നു. നിയന്ത്രണം നഷ്ടപ്പെട്ട പൈലറ്റിനെ ശാന്തനാക്കാൻ ഏകദേശം 40 മിനിറ്റോളം ഞങ്ങൾക്ക് കഠിനമായി ശ്രമിക്കേണ്ടി വന്നു’- വിമാനത്തിലുണ്ടായിരുന്ന റോഡ്‌നി മക്‌ഡൊണാൾഡ് എന്ന യാത്രക്കാരൻ പറഞ്ഞു. തുടർന്ന് സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ചാണ് യാത്രക്കാർ പൈലറ്റിന്റെ കൈകാലുകൾ വിമാനത്തിന്റെ സീറ്റിൽ കെട്ടിയിട്ടത്. അടിയന്തര ലാൻഡിംഗ് നടത്തുന്നതുവരെ പൈലറ്റിന് ബോധം തിരിച്ചുകിട്ടിയിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ക്യാപ്റ്റൻ അബോധാവസ്ഥയിലായതോടെ വിമാനത്തിന്റെ നിയന്ത്രണം സഹപൈലറ്റ് ഏറ്റെടുത്തു. മറ്റൊരു പൈലറ്റിന്റെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് വിമാനം പറത്താനും സുരക്ഷിതമായി നിലത്തിറക്കാനും പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം ലഭിക്കാറുണ്ട്. സഹപൈലറ്റ് വിമാനം ഉടൻ തന്നെ യു.എസിലെ ബോസ്റ്റണിലേക്ക് തിരിച്ചുവിടുകയും 61 യാത്രക്കാരുമായി അവിടെ സുരക്ഷിതമായി ലാൻഡിംഗ് നടത്തുകയും ചെയ്തു. തുടർന്ന് ക്യാപ്റ്റനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. യാത്ര മുടങ്ങിയ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ബദൽ ക്രമീകരണങ്ങൾ എയർലൈൻ അധികൃതർ ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam