തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തർ സമ്മാനിച്ച എയർഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപ് അമേരിക്കയിൽനിന്ന് യാത്രതിരിച്ചത്. ഖത്തർ സമ്മാനിച്ച വിമാനത്തിലെ ട്രംപിന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു ഇത്. ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് ബ്രിട്ടനിലേക്ക് തിരിച്ചത് നേരത്തേ ഉപയോ​ഗിച്ചിരുന്ന എയർ ഫോഴ്സ് വൺ വിമാനത്തിലായിരുന്നു.

വാഷിങ്ടൺ: നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങിയത് സൈനിക വിമാനത്തിലെന്ന് റിപ്പോർട്ട്. തുർക്കിയിലെ അങ്കാറ വിമാനത്താവളത്തിൽനിന്ന് പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ പിന്നീട് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നും തുടർന്ന് ഈ വിമാനത്തിലാണ് യുഎസ് പ്രസിഡന്റ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നുമാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ഇറാന്റെ വധഭീഷണിയടക്കം നിലനിന്നിരുന്നതിനാൽ സുരക്ഷാ കാരണങ്ങളാലാണ് ഇത്തരത്തിൽ രഹസ്യനീക്കം നടത്തിയതെന്നും യുഎസിന്റെ ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തർ സമ്മാനിച്ച എയർഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപ് അമേരിക്കയിൽനിന്ന് യാത്രതിരിച്ചത്. ഖത്തർ സമ്മാനിച്ച വിമാനത്തിലെ ട്രംപിന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു ഇത്. ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് ബ്രിട്ടനിലേക്ക് തിരിച്ചത് നേരത്തേ ഉപയോ​ഗിച്ചിരുന്ന എയർ ഫോഴ്സ് വൺ വിമാനത്തിലായിരുന്നു. എന്നാൽ, തുർക്കിയിലെ വിമാനത്താവളത്തിൽവെച്ച് പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപ് ഇതിൽ യാത്രചെയ്തില്ലെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. മാധ്യമപ്രവർത്തകരെയും ഫോട്ടോ​ഗ്രാഫർമാരെയും അഭിവാദ്യംചെയ്ത ശേഷം വിമാനത്തിൽ കയറിയ യുഎസ് പ്രസിഡന്റിനെ പിന്നീട് വിമാനത്തിൽനിന്ന് ഇറക്കി വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു കാറ്ററിങ് ട്രക്കിലേക്ക് കയറ്റിയെന്നും തുടർന്ന് എയർഫോഴ്സ് സി-32എ എന്ന സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്ട്. അതീവരഹസ്യമായിട്ടായിരുന്നു ഈ നീക്കം. തുടർന്ന് ഈ വിമാനത്തിലാണ് അദ്ദേഹം ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ട്രംപിനൊപ്പം പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസ് ഉദ്യോ​ഗസ്ഥരിൽ പലരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. പ്രസിഡന്റും വിമാനത്തിലുണ്ടെന്ന ധാരണയിലാണ് ഇവരെല്ലാം യാത്രചെയ്തത്. യാത്രയിലുടനീളം ഇവരോട് വിൻഡോ ഷെയ്ഡ് അടച്ചിടാനും നിർദേശിച്ചിരുന്നു. പിന്നീട് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിച്ചപ്പോൾ അത് ഒരു അപകടകരമായ യാത്രയായതിനാലാകാം എന്നായിരുന്നു ട്രംപിന്റെ മറുപടി.

ട്രംപ് സഞ്ചരിച്ച സി-32എ സൈനിക വിമാനമാണ് ബ്രിട്ടനിൽ ആദ്യമെത്തിയത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ പഴയ എയർഫോഴ്സ് വൺ വിമാനവും ബ്രിട്ടനിൽ ലാൻഡ് ചെയ്തു.

ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി. ഇറാൻ യുദ്ധത്തിന് പിന്നാലെ ട്രംപിന് ഇറാനിൽനിന്ന് വധഭീഷണിയടക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും കബളിപ്പിച്ച് രഹസ്യനീക്കത്തിലൂടെ ട്രംപിനെ മറ്റൊരു വിമാനത്തിൽ ബ്രിട്ടനിലെത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തേ 2000-ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും സമാനരീതിയിൽ യാത്രചെയ്തിരുന്നു. പാകിസ്ഥാനിലേക്കുള്ള യാത്രയിലാണ് ഔദ്യോ​ഗിക വിമാനം ഒഴിവാക്കി ബിൽ ക്ലിന്റൺ മറ്റൊരു എക്സിക്യൂട്ടിവ് ജെറ്റിൽ യാത്രചെയ്തത്.