
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്നാണ് അറിയിപ്പ്. നാളെ പ്രാദേശിക സമയം രാവിലെ 10:25 ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. യാത്രക്കാർ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി വെബ്സൈറ്റോ വാട്സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
മസ്കറ്റ് സർവീസ് തുടങ്ങുന്നുണ്ടെങ്കിലും യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 3 അർദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് തങ്ങളുടെ ബുക്കിംഗുകൾ വെബ്‌സൈറ്റിലൂടെയോ എഐ അസിസ്റ്റന്റായ 'ടിയ' വഴിയോ ചെയ്യാവുന്നതാണ്. +91 63600 12345 എന്ന വാട്സാപ്പ് നമ്പറും സഹായത്തിനായി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. നിലവിലെ തടസ്സങ്ങളിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, യാത്രക്കാരുടെ സഹകരണം അഭ്യർത്ഥിച്ചു.
അതേസമയം പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനമായി. യു എ ഇയിലെ വിമാന കമ്പനികളാണ് ഭാഗിക സർവ്വീസ് ആരംഭിക്കുന്നത്. ഇക്കാര്യം യു എ ഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്. ദുബായ് വിമാനത്താവളമടക്കം ഉടൻ തുറക്കുമെന്നാണ് വ്യക്തമാകുന്നത്. ഭാഗിക സർവീസ് മാത്രമായിരിക്കും ഉണ്ടാകുക. അൽ മക്തും വിമാനത്താവളവും തുറക്കാൻ തീരുമാനിച്ചതായാണ് വിവരം. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam