കുവൈത്തിനും ബഹ്‌റൈനും നേരെയുണ്ടായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന് കടുത്ത മുന്നറിയിപ്പുമായി ബഹ്‌റൈൻ രംഗത്ത്. രാജ്യസുരക്ഷ വിട്ടുവീഴ്ചയില്ലാത്ത ചുവപ്പ് വരയാണെന്ന് വ്യക്തമാക്കിയ ബഹ്‌റൈൻ, ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി തുറക്കണമെന്നും കടലിലെ മൈനുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

മനാമ: കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ നടത്തിയ പുതിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം. സുരക്ഷ എന്നത് മിസൈലുകൾ കൊണ്ടോ ഡ്രോണുകൾ കൊണ്ടോ നിർമ്മിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല എന്ന് ബഹ്‌റൈൻ ഓർമ്മിപ്പിച്ചു. തങ്ങളുടെ ക്ഷമയെ ബലഹീനതയായി കാണരുതെന്നും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുക എന്നത് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത റെഡ് ലൈൻ ആണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച ബഹ്‌റൈൻ വാർത്താ ഏജൻസി പുറത്തുവിട്ട വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിലാണ് ഇറാന്‍റെ ആക്രമണത്തെ ഔദ്യോഗികമായി അപലപിച്ചിരിക്കുന്നത്. കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി വെടിവെച്ചിട്ടതായി ബഹ്‌റൈൻ സ്ഥിരീകരിച്ചു.

മിസൈലുകൾ കൊണ്ടോ ഡ്രോണുകൾ കൊണ്ടോ സുരക്ഷയുണ്ടാകില്ല, കടലിൽ മൈനുകൾ കുഴിച്ചിട്ടതുകൊണ്ട് സ്ഥിരതയും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ ബഹ്‌റൈൻ, ഒമാൻ കടലിലും ഗൾഫ് മേഖലയിലും സ്ഥാപിച്ചിട്ടുള്ള കടൽ മൈനുകളുടെ കൃത്യമായ സ്ഥലം വെളിപ്പെടുത്താനും അവ നീക്കം ചെയ്യാൻ സഹകരിക്കാനും ഇറാനോട് ആവശ്യപ്പെട്ടു. ന്യായീകരണമില്ലാത്ത ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ഇറാൻ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറയുന്നു.

ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി തുറക്കണം

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നും ഇത് അറേബ്യൻ ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ബഹ്‌റൈൻ കുറ്റപ്പെടുത്തി. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ സഖ്യകക്ഷികളുടെയും സഹോദര രാജ്യങ്ങളുടെയും പിന്തുണയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും രാജ്യം അറിയിച്ചു.

അന്താരാഷ്ട്ര നിയമപ്രകാരം കടൽമാർഗ്ഗമുള്ള ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകിയിട്ടുള്ളതാണെന്നും, അതിനാൽ യുഎൻ രക്ഷാസമിതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് യാതൊരുവിധ നിയന്ത്രണങ്ങളോ ഫീസോ ഇല്ലാതെ ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.

നിലവിലെ യുദ്ധസാഹചര്യം കാരണം ഇരുപതിനായിരത്തിലധികം കപ്പൽ ജീവനക്കാരാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്. വാണിജ്യ-സിവിലിയൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനും ജീവനക്കാർക്ക് സുരക്ഷിതമായി തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങുന്നതിനുമായി ഒരു മാനുഷിക ഇടനാഴി അടിയന്തരമായി തുറന്നുനൽകാൻ ഇറാൻ തയ്യാറാകണമെന്ന് ബഹ്‌റൈൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.