ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനെയിയുടെ സൈനിക ഉപദേശകന്‍ മൊഹ്സെന്‍ റിസായി പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ അമേരിക്ക ഇരുണ്ട ഇടനാഴിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന് മുഖ്യതടസ്സം യുഎസ് മരവിപ്പിച്ച ഇറാന്റെ 24 ബില്യന്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുനല്‍കാത്തത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനെയിയുടെ സൈനിക ഉപദേശകന്‍ മൊഹ്സെന്‍ റിസായി ടെഹ്റാനില്‍ സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ അമേരിക്ക ഇരുണ്ട ഇടനാഴിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കരാര്‍ ഒപ്പിട്ടാലുടന്‍ മരവിപ്പിച്ച ഫണ്ടില്‍ നിന്ന് 12 ബില്യണ്‍ ഡോളറും പിന്നീട് അടുത്ത ഘട്ടത്തില്‍ ബാക്കി 12 ബില്യണ്‍ ഡോളറും വിട്ടുനല്‍കണമെന്നാണ് ചര്‍ച്ചകളില്‍ ഇറാന്‍ ആവശ്യപ്പെട്ടത്. ഈ ഘട്ടത്തില്‍ ഫണ്ട് അനുവദിക്കുന്നത് വിനയാകുമെന്നാണ് യുഎസ് കരുതുന്നത്. ഇതാണ് സമാധാന ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സമവായം ഉണ്ടായാലേ കരാര്‍ മുന്നോട്ടുപോവൂ എന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. 2015-ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായി ഒപ്പുവെച്ച ആണവ കരാറിനേക്കാള്‍ ശക്തമായിരിക്കണം പുതിയ കരാറെന്നാണ് ട്രംപിന്റെ ആഗ്രഹം. ഒപ്പം, പണപ്പൊതി കൈമാറുന്നതായി തോന്നാവുന്ന ഒരു നിബന്ധനയും ഉണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഒബാമ ഇറാന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് അത്തരം ഒരു സാഹചര്യം മുന്നില്‍ വരുന്നത് ഒഴിവാക്കാനാണ് നോക്കുന്നത്. അതാണ് ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്നത്.
ഫണ്ട് വിട്ടുനല്‍കിയാല്‍ അത് ഇറാന്റെയും അമേരിക്കയുടെയും ഭാവിയിലേക്കുള്ള പുതിയ കാല്‍വെപ്പായിരിക്കുമെന്ന് അഭിമുഖത്തില്‍ റിസായി പറഞ്ഞു. അമേരിക്കയെ വിശ്വസിക്കണമെങ്കില്‍ ഇതാവശ്യമാണ്. പരസ്പര വിശ്വാസം കൈവരിക്കാന്‍ ഇറാന്‍ മുന്നോട്ടുവെക്കുന്ന ഈ പരീക്ഷണത്തില്‍ അമേരിക്ക ജയിച്ചാല്‍, അത് വലിയ മാറ്റങ്ങളുണ്ടാക്കും. 'പക്ഷേ, ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ട്രംപ് ഈ പ്രതിസന്ധി പരിഹരിക്കണം. പന്ത് ഇപ്പോള്‍ ട്രംപിന്റെ കോര്‍ട്ടിലാണ്. ഒന്നോര്‍ക്കണം, ഇത് ഞങ്ങളുടെ സ്വന്തം പണമാണ്, അമേരിക്കയുടെ പണമല്ല.'-അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിസായി. പരമോന്നത നേതാവിന്റെ വലംകൈയുമാണ്. റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെ പഴയ തലമുറയുടെ ഭാഗമായ റിസായി, ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പോരാടുകയും 1981 മുതല്‍ 1997 വരെ സേനയെ നയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പരമോന്നത നേതാവിനെ ഉപദേശിക്കുന്ന കൗണ്‍സിലില്‍ ചേര്‍ന്നു. ഒരു തവണ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നാല് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും റിസായി ഒരിക്കലും വിജയിച്ചിട്ടില്ല.
യുദ്ധത്തിനുള്ള സാധ്യത കുറവാണ് എന്നും റിസായി പറഞ്ഞു. പക്ഷേ, അമേരിക്ക യുദ്ധം തുടര്‍ന്നാല്‍, അത് പേര്‍ഷ്യന്‍ ഗള്‍ഫിന് അപ്പുറത്തേക്ക് നീട്ടിക്കൊണ്ടുപോകുമെന്ന റിസായി മുന്നറിയിപ്പ് നല്‍കി. യുദ്ധം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം, ബാബ് അല്‍-മന്ദബ് കടലിടുക്ക്, ചെങ്കടല്‍, മെഡിറ്ററേനിയന്‍ കടല്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. മറ്റ് അമേരിക്കന്‍ താവളങ്ങളെ ആക്രമിച്ചുകൊണ്ട് ഇറാന്‍ യുദ്ധത്തിന് മറ്റൊരു മാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഖമനെയി ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത റിസായി തള്ളി. താനും ഖമനെയിയും നല്ല രീതിയിലാണ് പോകുന്നതെന്നും അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നത് തനിക്കുള്ള ബഹുമതിയായിരിക്കും എന്നും ട്രംപ് പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്കിന്മേലുള്ള പരമാധികാരം തങ്ങള്‍ക്കും ഒമാനുമാണെന്ന് അഭിമുഖത്തില്‍ റിസായി ആവര്‍ത്തിച്ചു. യുദ്ധത്തിന് മുമ്പ് ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും കടന്നുപോയിരുന്ന പ്രധാന ജലപാതയുടെ പരമാധികാരം രണ്ട് രാജ്യങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യും. കടലിടുക്കിലൂടെയുള്ള കപ്പല്‍ യാത്രയ്ക്കുള്ള ഫീസ് ആവശ്യപ്പെടുന്നത് ടോള്‍ അല്ല. കടലിടുക്കിന്റെ മാനേജ്മെന്റ് ചെലവ് ഇറാന്‍ മാത്രം വഹിക്കേണ്ടതില്ല. അതിനാല്‍ പരിപാലന ഫീസ് ഈടാക്കും-റിസായി പറഞ്ഞു.
ചര്‍ച്ച പരാജയപ്പെട്ടാല്‍ അമേരിക്ക നടത്താന്‍ സാധ്യതയുള്ള യുദ്ധത്തെ നേരിടാന്‍ ഇറാന്‍ സജ്ജമാണെന്ന് റിസായി പറഞ്ഞു. 'ലോകം അപ്പോള്‍ ഇറാന്റെ യഥാര്‍ത്ഥ കഴിവുകള്‍ മനസ്സിലാക്കും. കാരണം, ഞങ്ങളുടെ കരസേനയുടെ കരുത്ത് മിസൈലുകളേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ശത്രുക്കള്‍ക്കെതിരെയുള്ള ഇറാന്റെ ആദ്യ വിജയമാണ് ഇപ്പോഴത്തെ യുദ്ധമെന്നും റിസായി പറഞ്ഞു.


