തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികളെ രക്ഷിക്കാനുള്ള അടിയന്തര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അടിയന്തര സന്ദേശം നൽകി. സുരക്ഷിതരായി മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. 

ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാരുമായിക്കൂടി പങ്കുവെയ്ക്കണമെന്നും, ഇവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാനസർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മൂന്ന് മലയാളികൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണം ലഭിച്ചത്. മൂന്ന് പേരും എറണാകുളം സ്വദേശികളാണ്. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിലുണ്ടെന്ന് കപ്പൽ കമ്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോയ്ക്ക് ഒപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികളും കൂടി കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിന്‍റെ ക്യാപ്റ്റൻ എറണാകുളം സ്വദേശിയാണെന്ന് ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, മലയാളികൾ കപ്പലിൽ ഉണ്ടെന്നതിന്  ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്.

അതേസമയം, കപ്പൽ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പലിൽ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊർജിതമാക്കി. ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച എണ്ണ കപ്പൽ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പൽ കൈമാറില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാൻ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ മോചനത്തിനായി ശ്രമിക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ അറിയിച്ചു.