Pegasus| പെഗാസസിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക; തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ

Published : Nov 03, 2021, 11:42 PM ISTUpdated : Dec 27, 2022, 11:53 AM IST
Pegasus| പെഗാസസിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക; തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ

Synopsis

തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ അറിയിച്ചു. ലോകത്താകമാനം 40 രാജ്യങ്ങളില്‍ 60 ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍എസ്ഒ പറയുന്നത്. 

ദില്ലി: പെഗാസസ് (Pegasus Spyware) നിര്‍മ്മാതാക്കളായ എന്‍എസ്ഒയെ (NSO) കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക. കമ്പനിയുമായി വ്യാപാരബന്ധം പാടില്ലെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം. തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ അറിയിച്ചു. ലോകത്താകമാനം 40 രാജ്യങ്ങളില്‍ 60 ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍എസ്ഒ പറയുന്നത്. ഇതില്‍ എല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലക വിഭാഗങ്ങള്‍ എന്നിവയാണ് എന്നാണ് എന്‍എസ്ഒ പറയുന്നത്. സെൽ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ വേണ്ടി ലോകത്തിലെ പല ഏജൻസികളും ആശ്രയിക്കുന്ന ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് പെഗാസസ്. ഫോണിൽ കടന്നു കയറി വേണ്ട വിവരങ്ങൾ ചോർത്തി മടങ്ങിയാലും പിന്നിൽ അങ്ങനെ ചെയ്തതിന്‍റെ തെളിവുകൾ ഒന്നും തന്നെ അവശേഷിപ്പിക്കില്ലെന്നതാണ് പെഗാസസിന്‍റെ പ്രത്യേകത.

അതേസമയം പെഗാസെസ് ചാര സോഫ്റ്റ്‍വെയര്‍  സംബന്ധിച്ച  വിവരങ്ങള്‍ കൈമാറാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ലഭിച്ചതിന് പിന്നാലെ സര്‍ക്കാരുകള്‍ക്കാണ്  പെഗാസസ് നല്‍കാറുള്ളതെന്ന് വിശദമാക്കി ഇസ്രയേല്‍ സ്ഥാനപതി രം​ഗത്തെത്തി. ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയായി പുതിയതായി നിയമനം ലഭിച്ച നൌര്‍ ഗിലോണാണ് ഇക്കാര്യം വിശദമാക്കിയത്. അനധികൃതമായ രീതിയില്‍ ഇസ്രയേല്‍ ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് രാജ്യത്ത് നടത്തുന്ന നിരീക്ഷണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു നൌര്‍ ഗിലോണിന്‍റെ പ്രതികരണം. നിലവില്‍ പെഗാസസിനെ ചൊല്ലി ഇന്ത്യയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും നൌര്‍ ഗിലോണ്‍ വ്യാഴാഴ്ച പറഞ്ഞു. എന്‍എസ്ഒ ഇസ്രയേയലിലെ സ്വകാര്യ കമ്പനിയാണ്. ഇവരുടെ ഓരോ കയറ്റുമതിക്കും ഇസ്രയേല്‍ സര്‍ക്കാരിന്‍റെ ലൈസന്‍സ് ആവശ്യമാണ്. മറ്റ് സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ മാത്രമുള്ള അനുമതിയാണ് ഇസ്രയേല്‍ നല്‍കുന്നതെന്നും നൌര്‍ ഗിലോണ്‍ വിശദമാക്കി. സര്‍ക്കാരിതരമായവര്‍ക്ക് ഈ ലൈസന്‍സ് ഉപയോഗിച്ച് സേവനം നല്‍കാന്‍ എന്‍എസ്ഒയ്ക്ക് അനുമതിയില്ല.

ഇസ്രയേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിനിസനുകാര്‍, മാധ്യമപ്രവര്‍ത്തരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസെസ് വിവാദം 2019 മുതലേ ചര്‍ച്ചാ വിഷയമാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രമായി വിവാദത്തെ കണ്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധിക്ക് ശേഷം പ്രതിസന്ധിയിലാണുള്ളത്. ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി