'പുടിൻ നേരും നെറിയും കാണിച്ചില്ല'; റഷ്യയ്ക്കെതിരെ കടുപ്പിച്ച് ട്രംപ്, രണ്ട് എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി

Published : Oct 23, 2025, 07:14 AM IST
 US sanctions on Russian oil

Synopsis

റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു. ഇതിന് പിന്നാലെ യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്കോ: ഡൊണാൾഡ് ട്രംപ് ഭരണകൂടം റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു.

ട്രംപ്-പുടിൻ ഉച്ചകോടി ബുഡാപെസ്റ്റിൽ വെച്ച് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഉപരോധം. യുക്രെയ്ൻ - റഷ്യ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വൈറ്റ് ഹൌസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.

"ഈ അർത്ഥമില്ലാത്ത യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് പുടിൻ വിസമ്മതിച്ച സാഹചര്യത്തിൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്"- എന്നാണ് പ്രഖ്യാപനം, റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്‍റ് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി "ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ" ട്രഷറി തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സംസാരിച്ച ബെസെന്റ് പറഞ്ഞത് ഈ നീക്കം "റഷ്യയ്ക്കെതിരെ ഞങ്ങൾ നടത്തിയ ഏറ്റവും വലിയ ഉപരോധങ്ങളിൽ ഒന്നാണ്" എന്നാണ്.

"പ്രസിഡന്റ് പുടിൻ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ സത്യസന്ധമായും നേരോടെയും ചർച്ചകൾക്ക് വന്നിട്ടില്ല"- ട്രഷറി സെക്രട്ടറി പറഞ്ഞു. ഓഗസ്റ്റിൽ ഇരു നേതാക്കളും അലാസ്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ പ്രസിഡന്‍റ് ട്രംപ് ഇറങ്ങിപ്പോയി എന്നും ബെസെന്‍റ് പറഞ്ഞു. ചർച്ചകൾ നടന്നിട്ടുണ്ട്, പക്ഷേ ഈ ചർച്ചകൾ എത്തിനിൽക്കുന്ന അവസ്ഥയിൽ പ്രസിഡന്റ് ട്രംപ് നിരാശനാണെന്നം അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണെന്ന് യൂറോപ്യൻ യൂണിയനും ബുധനാഴ്ച അറിയിച്ചു. റഷ്യയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം എൽഎൻജി) 2027-ഓടെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കൽ, റഷ്യ ഉപയോഗിക്കുന്ന എണ്ണ ടാങ്കറുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ, റഷ്യൻ നയതന്ത്രജ്ഞർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ