
തിരുവനന്തപുരം: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള പോർവിളി കടുക്കുന്നു. ശത്രുവിലെ ആക്രമിക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം സജ്ജമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയപ്പോൾ, കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ ആ ഏറ്റുമുട്ടൽ പശ്ചിമേഷ്യയാകെ വ്യാപിക്കുമെന്നതാണ് ഈ പോർവിളിയുടെ ആശങ്ക വർധിക്കാൻ കാരണം.
നിലവിൽ പശ്ചിമേഷ്യയിൽ പലയിടത്തായി അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. അമേരിക്ക ആക്രമിച്ചാൽ ഇറാൻ്റെ പ്രത്യാക്രമണം ഈ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരിക്കും. നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കാനായി ഇറാഖിൽ അമേരിക്കയുടെ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കുവൈറ്റിൽ അമേരിക്കയ്ക്ക് ക്യാമ്പ് ആരിഫ്‌ജാൻ, അലി അൽ സലേം എയർബേസ് തുടങ്ങി സൈനിക താവളങ്ങളുണ്ട്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ബഹ്റൈനിൽ അമേരിക്കൻ നാവികസേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഖത്തറിലെ അൽ ഉദൈദ് എയർ ബേസിലും അമേരിക്കയുടെ സൈനികരുണ്ട്. യുഎഇയിലെ അൽ ദഫ്ര എയർബേസിലും അമേരിക്കയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളുമുണ്ട്.
അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരിക്കും ഇറാൻ്റെ പ്രത്യാക്രമണം. തങ്ങളുടെ മധ്യദൂര മിസൈലുകളുടെ ദൂരപരിധി വച്ച് ഈ താവളങ്ങൾ ആക്രമിക്കാൻ സാധിക്കുമെന്നതാണ് ഇറാൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയപ്പോൾ അൽ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. ഇറാനെ വളഞ്ഞിട്ടാക്രമിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും ഇറാൻ്റെ കരുത്തിനെ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ വിലകുറച്ച് കാണുന്നില്ല. അതിനാൽ തന്നെ ഏറ്റുമുട്ടലൊഴിവാക്കാൻ മറ്റ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam