
ഇൻഡ്യാന: അമേരിക്കയിലെ ഇൻഡ്യാനയിൽ വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് കൊക്കെയ്നുമായി രണ്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെ ഇൻഡ്യാന സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുർപ്രീത് സിംഗ് (25), ജസ്വീർ സിംഗ് (30) എന്നിവരാണ് പിടിയിലായത്. 1,13,000-ത്തിലധികം അമേരിക്കക്കാരുടെ ജീവൻ എടുക്കാൻ ശേഷിയുള്ള മയക്കുമരുന്നാണ് ഇതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കുന്നത്. ഹൈവേയിൽ നടത്തിയ സാധാരണ പരിശോധനക്കിടെയാണ് ട്രക്കിനുള്ളിലെ സ്ലീപ്പർ ബർത്തിൽ പുതപ്പുകൊണ്ട് മൂടിയ നിലയിൽ കാർഡ്ബോർഡ് ബോക്സുകൾ പൊലീസ് കണ്ടെത്തിയത്. സ്നിഫർ ഡോഗ് യൂണിറ്റ് നൽകിയ സൂചനയെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബോക്സുകൾക്കുള്ളിൽ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചത്. പ്രതികളെ ഉടൻ തന്നെ പുട്ട്നം കൗണ്ടി ജയിലിലേക്ക് മാറ്റി.
അറസ്റ്റിലായ രണ്ട് പേരും നിയമവിരുദ്ധമായാണ് അമേരിക്കയിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2017 മാർച്ചിൽ കാലിഫോർണിയ വഴി അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ചു. കഴിഞ്ഞ മാസം മറ്റൊരു മോഷണക്കേസിൽ ഇയാൾ പിടിയിലായിരുന്നുവെങ്കിലും അന്ന് വിട്ടയക്കപ്പെടുകയായിരുന്നു. 2023 മാർച്ചിൽ അരിസോണ വഴിയാണ് അതിർത്തി കടന്ന് അമേരിക്കയിലെത്തിയത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കടുത്ത ക്രിമിനൽ ശിക്ഷ നൽകുന്നതിനൊപ്പം ഇവരെ നാടുകടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്തെത്തിയ ഇവർക്ക് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച കാലിഫോർണിയ സർക്കാരിന്റെ നയങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാങ്ച്വറി സിറ്റി നയങ്ങൾ അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക്ലോഗ്ലിൻ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam