
വാഷിംഗ്ടൺ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂർത്തിയാകും. നാളെ രാവിലെ മുതൽ ഫല സൂചനകൾ ലഭ്യമാകും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.
പ്രതിദിനം ഒരു ലക്ഷം പുതിയ കൊവിഡ് രോഗികൾ ഉണ്ടാകുന്ന അമേരിക്ക മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. 538 ഇലക്റ്ററൽ വോട്ടർമാരെ അമ്പതു സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കും. ഇതിൽ 270 പേരുടെ പിന്തുണ നേടുന്നയാൾ അടുത്ത അമേരിയ്ക്കൻ പ്രസിഡന്റാകും. ആകെയുള്ള 24 കോടി വോട്ടർമാരിൽ പത്തു കോടി പേർ തപാലിൽ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകൾ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ അമേരിക്കയുടെ നൂറു വർഷത്തെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാകും അത്.
വെർമോൺഡ് സംസ്ഥാനമാണ് ആദ്യം പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങും. അലാസ്കയിലും ഹവായിയിലും പോളിംഗ് തീരാൻ ഇന്ത്യൻ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങൾ ഈ മാസം പതിമൂന്നു വരെ തപാൽ വോട്ടുകൾ സ്വീകരിക്കും.
ഓരോ സംസ്ഥാനത്തും വോട്ടിങ് രീതികളിൽ പോലും വ്യത്യാസമുണ്ട്. ഇതൊക്കെയാന്നെക്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ നീങ്ങിയാൽ ട്രംമ്പോ ബൈഡനോ എന്ന സൂചനകൾ ഇന്ത്യൻ സമയം നാളെ പുലർച്ചയോടെ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ഫല സൂചനകൾ വച്ചുകൊണ്ട് ആരാകും വിജയിയെന്ന കൃത്യമായ പ്രൊജക്ഷൻ അമേരിക്ക്ണ മാധ്യമങ്ങൾ പുറത്തുവിടും. എന്നാൽ നേരിയ വ്യത്യാസത്തിലാണ് ജയാ പരാജയങ്ങൾ എങ്കിൽ ഫലം കോടതി കയറുന്നത് അടക്കമുള്ള അതിനാടകീയതകൾ പലരും പ്രതീക്ഷിക്കുന്നു.
ഫ്ലോറിഡ, പെൻസിൽവാനിയ, ഒഹായോ, മിഷിഗൺ, അരിസോണ, വിസ്കോൺസിൽ എന്നിവിടങ്ങളിൽ എല്ലാം ഇഞ്ചോടിഞ്ചു പോരാട്ടമാണ്. അതുകൊണ്ടുതന്നെ ഇതുവരെ വന്ന അഭിപ്രായ സർവേകളിലെ ബൈഡനാണ് മുന്നിലെന്ന പ്രവചനം റിപ്പബ്ലിക്കൻ പക്ഷം കാര്യമാക്കുന്നില്ല. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും അവസാന നിമിഷം അട്ടിമറി ജയം ഉണ്ടാകുമെന്ന് ട്രംപ് അവകാശപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam