
ടെഹ്റാൻ : ഇറാനിൽ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായ പെൺകുട്ടി കൊല്ലപ്പെട്ടു. ആറ് വെടിയുണ്ടകൾ ഏറ്റാണ് ഹാദിസ് നജാഫി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആളിപ്പടരുന്ന പ്രക്ഷോഭത്തിനിടെ തല മറയ്ക്കാതെ, തലമുടി കെട്ടിയൊതുക്കി പ്രക്ഷോഭകർക്കിടയിലേക്ക് ഇറങ്ങി വരുന്ന നജാഫിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
വയറ്റിലും കഴുത്തിലും ഹൃദയത്തിലും കൈകളിലും നജാഫിക്ക് വെടിയേറ്റിരുന്നു. നജാഫിയുടെ സംസ്കാരത്തിനിടെ അവളുടെ ഫോട്ടോയ്ക്ക് മുമ്പിൽ നിന്ന് വിങ്ങി കരയുന്ന ആളുകളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇറാൻ ജനതയുടെ സ്വാതന്ത്രത്തിനായി നജാഫിയെ പോലെ ധീരയായ നിരവധി പേരാണ് സ്വന്തം ജീവൻ നൽകുന്നതെന്ന് ആളുകൾ പെൺകുട്ടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. മഹ്സയ്ക്ക് പിന്നാലെ നജാഫിയുടെ കൊലപാതകത്തിലും പ്രതിഷേധം ഉയരുകയാണ്.
ഇറാൻ തെരുവിൽ സെപ്തംബർ 17ന് ആരംഭിച്ച പ്രക്ഷോഭം 11 ദിവസം പിന്നിട്ടിരിക്കുകയാണ്. സെപ്തംബർ 16നാണ് മഹ്സ അമീനി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇറാന് പുറത്തും പ്രതിഷേധങ്ങൾ തുടരുകയാണ്. ലണ്ടനിലും നൂറ് കണക്കിന് പേർ പ്രതിഷേധിച്ചിരുന്നു.മഹ്സയുടെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ അപലപിച്ചിരുന്നു.
ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22 കാരി കൊല്ലപ്പെട്ടതിന്റെ പേരിലാണ് പ്രക്ഷോഭം എന്നത് അംഗീകരിക്കാതെ വിദേശ ഗൂഢാലോചന എന്ന് പറഞ്ഞ് പ്രക്ഷോഭത്തെ തള്ളുകയാണ് ഇറാൻ ഭരണകൂടം ചെയ്യുന്നത്. വിദേശ സോഷ്യൽ മീഡിയ ആപ്പുകളായ വാട്സാപ്പ്, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇറാന് പുറത്തേക്ക് പ്രക്ഷോഭത്തിന്റെ വീഡിയോകൾ പുറത്തെത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രക്ഷോഭകർ പൊതു മതുലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയൻ സർക്കാർ പറയുന്നത്. പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം മരണ സംഖ്യ 75 ആയിരിക്കുന്നു. സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ശരിയായ രീതിയിൽ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിൽ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരിക്കുകയുമായിരുന്നു.
Read More : 'ഏകാധിപതിയുടെ അന്ത്യം'; ഇറാൻ തെരുവുകളിൽ മുദ്രാവാക്യവുമായി പ്രക്ഷോഭകര്‍, വിദേശ നിര്‍മ്മിതമെന്ന് ഭരണകൂടം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam