Asianet News MalayalamAsianet News Malayalam

'ഏകാധിപതിയുടെ അന്ത്യം'; ഇറാൻ തെരുവുകളിൽ മുദ്രാവാക്യവുമായി പ്രക്ഷോഭകര്‍, വിദേശ നിര്‍മ്മിതമെന്ന് ഭരണകൂടം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടരുന്ന ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് തെരുവുകളിൽ ഉയരുന്നത്. 

Iran Anti Hijab Protest slogans against dictatorship
Author
First Published Sep 27, 2022, 1:05 PM IST

ടെഹ്റാൻ : ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതോടെ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുമ്പോൾ മരണ സംഖ്യയും ഉയരുകയാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം 75 ആയി. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന പ്രതിഷേധത്തിൽ ആൾക്കൂട്ടത്തിൽ നിന്ന് ഉയര്‍ന്ന മുദ്രാവാക്യം ഇറാനിലെ ഭരണകൂടത്തോടുള്ള ജനങ്ങളുടെ വെറുപ്പ് വ്യക്തമാക്കുന്നതാണ്. 'ഏകാധിപതിയുടെ മരണം' എന്ന മുദ്രാവാക്യമാണ് രാജ്യ തലസ്ഥാനത്ത് ഉയരുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടരുന്ന ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് തെരുവുകളിൽ ഉയരുന്നത്. 

ഇറാനിലെ പ്രധാന നഗരങ്ങളിൽ നിന്ന് ചെറു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു കഴിഞ്ഞു. സെപ്തംബര്‍ 17 ന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരുമടക്കം 41 പേര്‍ മരിച്ചുവെന്ന കണക്കാണ് സ്റ്റേറ്റ് ടി വി പുറത്തുവിടുന്നത്. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22 കാരി കൊല്ലപ്പെട്ടതിന്റെ പേരിലാണ് പ്രക്ഷോഭം എന്നത് അംഗീകരിക്കാതെ വിദേശ ഗൂഢാലോചന എന്ന് പറഞ്ഞ് പ്രക്ഷോഭത്തെ തള്ളുകയാണ് ഇറാൻ ഭരണകൂടം ചെയ്യുന്നത്. വിദേശ സോഷ്യൽ മീഡിയ ആപ്പുകളായ വാട്സാപ്പ്, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇറാന് പുറത്തേക്ക് പ്രക്ഷോഭത്തിന്റെ വീഡിയോകൾ പുറത്തെത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. 

നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രക്ഷോഭകര്‍ പൊതു മതുലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയൻ സർക്കാർ പറയുന്നത്. സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ് ബന്ധം നിയന്ത്രിച്ചിരിക്കുകയാണ്. 

പൊലീസ് വാഹനത്തില്‍ വെച്ച് അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും അറിയിച്ചു. 

Follow Us:
Download App:
  • android
  • ios