ആശങ്ക ഉയർത്തി ഐഎംഒ മേധാവിയുടെ വെളിപ്പെടുത്തൽ; ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് 1,500 കപ്പലുകളും 20,000 നാവികരും

Published : May 08, 2026, 12:54 PM IST
strait of hormuz blockade

Synopsis

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ കപ്പൽ ഉപരോധം ആഗോള വ്യാപാരത്തെ സ്തംഭിപ്പിച്ചു. ഏകദേശം 20,000 ജീവനക്കാർ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്, ഇത് ഇന്ധനവില കുത്തനെ ഉയരാൻ കാരണമായി. പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു.

പനാമ സിറ്റി: ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ കപ്പൽ ഉപരോധം ആഗോള വ്യാപാര മേഖലയെ സ്തംഭിപ്പിക്കുന്നു. നിലവിൽ ഏകദേശം 1,500 ഓളം കപ്പലുകളും അവയിലെ 20,000-ത്തോളം ജീവനക്കാരും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) മേധാവി ആഴ്സീനിയോ ഡൊമിംഗസ് അറിയിച്ചു. പനാമയിൽ നടന്ന 'മാരിടൈം കൺവെൻഷൻ ഓഫ് ദി അമേരിക്കാസിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിഷ്കളങ്കരായ നാവികർ അവരുടെ നിയന്ത്രണത്തിന് അതീതമായ, രാജ്യങ്ങൾ തമ്മിലുള്ള ഭൂരാഷ്ട്രീയ സാഹചര്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണെന്നും ഡൊമിംഗസ് പറഞ്ഞു. ഇതുവരെ നടന്ന മുപ്പതോളം ആക്രമണങ്ങളിലായി 10 നാവികർക്ക് ജീവൻ നഷ്ടമായി. നിരപരാധികളായ ഈ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി മേഖലയിലേക്ക് കൂടുതൽ കപ്പലുകൾ അയക്കരുതെന്ന് ഐഎംഒ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച സൈനിക നീക്കമാണ് മേഖലയെ യുദ്ധക്കളമാക്കിയത്. ഇതിന് മറുപടിയെന്നോണമാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞത്. ആഗോളതലത്തിൽ ഉപഭോഗം ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളുടെ 80 ശതമാനവും കടൽ വഴിയാണ് നീങ്ങുന്നത് എന്നതിനാൽ ഈ ഉപരോധം ലോക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

യുദ്ധത്തിന് മുൻപ് ലോകത്തിലെ ഇന്ധന-,വാതക നീക്കത്തിന്‍റെ അഞ്ചിലൊന്നും നടന്നിരുന്നത് ഈ പാതയിലൂടെയായിരുന്നു. ഉപരോധം നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നു. കപ്പലുകൾക്ക് സുരക്ഷയൊരുക്കാനും പാത തുറക്കാനും ലക്ഷ്യമിട്ട് 'ഓപ്പറേഷൻ പ്രോജക്ട് ഫ്രീഡം' എന്ന പേരിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നാവിക സേനാ നീക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് താൽക്കാലികമായി നിർത്തിവെച്ചു. സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്നും ഇറാന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ലോകത്തിന്റെ ജീവനാഡിയായ ഹോർമുസ് പാത തുറക്കുന്നതിനുമുള്ള നിർണ്ണായക നീക്കങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ ശക്തമായ സ്ഫോടനശബ്ദം, കർശന നിർദ്ദേശം നൽകി അധികൃതർ; മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾക്കടുത്ത് പോകരുത്, ചിത്രങ്ങൾ പകർത്തരുത്
അമേരിക്ക പറഞ്ഞതൊന്നുമല്ല കണക്ക്, ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും യുഎസ് താവളങ്ങളിൽ വിനാശം വിതച്ചെന്ന് റിപ്പോര്‍ട്ട്, സാറ്റലൈറ്റ് ദൃശ്യങ്ങൾ