
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് ആക്രമിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് കവർച്ച നടത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി അൻവർ ഒളിവിലാണ്. ഒക്ടോബർ 28നാണ് സംഭവം നടന്നത്. രോഗിയുമായി പോയ ആംബുലൻസ് കൊട്ടിയത്ത് വെച്ച് മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ യുവാക്കൾ ആക്രമണം നടത്തിയത്. ആംബുലൻസ് ഡ്രൈവർ വിപിനെ ആക്രമിച്ച പ്രതികൾ വിപിന്റെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ കവർന്നു. വാച്ചടക്കം കവർച്ച നടത്തി. കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്ന 2 പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പ്രതികൾ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത മുന്നിൽ കണ്ട് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. കേസിലെ മുഖ്യപ്രതിയായ കൊട്ടിയം സ്വദേശി അൻവർ ഇപ്പോഴും ഒളിവിലാണ്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു.