
തിരുവനന്തപുരം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജിവച്ചു. 20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്. ബിബിസി ഡയറക്ടർ ബോർഡ് ഇരുവരുടെയും രാജി തീരുമാനം അംഗീകരിച്ചു.
രാജി തീരുമാനം പൂർണമായും തൻ്റേതാണെന്ന് ടിം ഡേവി വ്യക്തമാക്കി. ബിബിസി ന്യൂസിനെ ചുറ്റിപ്പറ്റിയുള്ള നിലവിലെ ചർച്ച എന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം രാജിപ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. അതേസമയം ഇത് ബിബിസിയെ സംബന്ധിച്ച് സങ്കടം നിറഞ്ഞ ദിവസമാണെന്ന് ചെയർമാൻ സമിർ ഷാ പ്രതികരിച്ചു.
ബിബിസി പനോരമ ഡോക്യുമെന്ററി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തുകൊണ്ട് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരുടെയും രാജി. 2021 ജനുവരിയിലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ട്രംപിൻ്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് ഒന്നാക്കിയെന്നാണ് വാർത്ത. കഴിഞ്ഞ വർഷം ബിബിസിക്കു വേണ്ടി സ്വതന്ത്ര നിർമ്മാണ കമ്പനിയായ ഒക്ടോബർ ഫിലിംസ് ലിമിറ്റഡ് സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ്? എന്ന ഡോക്യുമെന്ററിയെ കുറിച്ചുള്ളതായിരുന്നു റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam