
ലാഹോർ: പാകിസ്ഥാനിലെ കറാച്ചിയിൽ യുഎസ് കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ. ബാരിക്കേട് തകർക്ക് കോൺസുലേറ്റിനുള്ളിൽ കയറിയ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ അമേരിക്കൻ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. മുപ്പത്തിരണ്ട് പേർക്ക് പരിക്കേറ്റു. പ്രതിഷേധങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ച അമേരിക്ക പാകിസ്ഥാനിലെ യുഎസ് പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശം നല്കി.
കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് നൂറുകണക്കിനാളുകളാണ് തള്ളിക്കയറിയത്. ബാരിക്കേഡുകൾ തകർത്തും മതിൽ ചാടിയും അകത്ത് കടന്ന ജനക്കൂട്ടം കോൺസുലേറ്റിലെ ജനാലകൾ അടിച്ചു തകർത്തു. ചിലർ കോൺസുലേറ്റിലെ ഒരു ഭാഗത്ത് തീയിട്ടു. ഈ സമയത്ത് ആവശ്യത്തിന് സുരക്ഷ സേന കോൺസുലേറ്റിന് മുന്നിൽ ഇല്ലായിരുന്നു എന്നാണ് സൂചന.
പിന്നീട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചു വിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. അക്രമം തുടർന്നതോടെ പൊലീസും എംബസിയിലെ സുരക്ഷ ഉദ്യോഗസ്ഥരും പ്രതിഷേധക്കാർക്കു നേരെ വെടിവച്ചു. പത്തു പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് പാകിസ്ഥാനി മാധ്യമങ്ങൾ നല്കുന്ന വിവരം. സംഭവത്തിൽ പാക് സർക്കാർ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ തന്നെ ഗിൽഗിത് ബൽത്തിസ്ഥാനിലെ സ്കർദുവിലെ യുഎൻ ഓഫീസിനു നേരെയും അക്രമം നടന്നു. പ്രതിഷേധിച്ച ഷിയാ വിഭാഗം ഓഫീസും അടുത്തുള്ള പൊലീസ് സ്റ്റേഷനും തകർത്തു.
പാകിസ്ഥാനിലെ യുഎസ് പൗരൻമാർ ജാഗ്രത പാലിക്കണം എന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തിൽ പോകുമ്പോൾ ശ്രദ്ധിക്കണം. ഇസ്ലാമാബാദിലെ അമേരിക്കൻ എംബസിക്കും പെഷവാറിലെ യുഎസ് കോൺസുലേറ്റിനും എതിരെ ആക്രമം നടക്കാനുള്ള സാധ്യതയുള്ളതായും അമേരിക്ക മുന്നറിയിപ്പ് നല്കി. അമേരിക്കയ്ക്കും പാകിസ്ഥാനും ഇടയിൽ ഇപ്പോൾ നല്ല ബന്ധം നിലനിൽക്കെയാണ് യുഎസ് കോൺസുലേറ്റ് പാക് പ്രതിഷേധക്കാർ അടിച്ചു തകർത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam