
ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണം വ്യാപിപ്പിക്കുമ്പോള്‍ ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയാണ്. 84 എംബിഎ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങിയെന്നാണ് വിവരം. പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് ഇവർ. ടൂറിന് പോയ വിദ്യാർത്ഥികളാണ് മടങ്ങി വരാനാകാതെ ദുബായിൽ കുടുങ്ങിയത്. വിദ്യാർത്ഥികൾ സുരക്ഷിതരെന്നും ഹോട്ടലിലേക്ക് മാറ്റിയെന്നും കോളേജ് അധികൃതർ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ഇവർക്ക് മടങ്ങാനുള്ള ശ്രമം നടത്തുകയാണ്. ദുബായിൽ 200ഓളം കന്നഡികർ കുടുങ്ങിയിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പഠനാവശ്യത്തിന് പോയ വിദ്യാർത്ഥികൾ ഉൾപ്പെട്ട 150 അംഗ സംഘം ദുബായിൽ കുടുങ്ങി. ബെല്ലാരിയിൽ നിന്ന് പോയ 15 അംഗ കുടുംബവും നാട്ടിലേക്ക് മടങ്ങാനാകാതെ ദുബായില്‍ തുടരുകയാണ്. ബെല്ലാരി സിറ്റി എംഎൽഎ നാര ഭാരത് റെഡ്ഡിയും കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ആശങ്ക വേണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു. ദുബായിലുള്ളവരെ സുരക്ഷിതമായി തിരികെ എത്തിക്കും എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രസർക്കാർ വൃത്തങ്ങളുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബന്ധപ്പെട്ടു. കർണാടക സർക്കാർ ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ. ഇസ്രയേൽ, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തിൽ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി.
ശക്തമായ തിരിച്ചടി നൽകാനാണ് ഇറാന്‍റെ ശ്രമം. അതേസമയം, ഇറാനെതിരായ ഇസ്രയേൽ, അമേരിക്ക ആക്രമണവും തുടരുകയാണ്. വ്യോമാക്രമണത്തിലടക്കം ഇറാന് കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. അതേസമയം, ഖമനെയിയെ വധിച്ചതിൽ പ്രതിഷേധിച്ച് ടെഹ്റാനിൽ വൻ പ്രതിഷേധ റാലി നടന്നു. സ്ത്രീകളടക്കം പങ്കെടുത്ത റാലിയാണ് നടന്നത്. മറ്റു രാജ്യങ്ങളിലും പ്രതിഷേധം നടന്നു. ഇന്ത്യയിൽ കശ്മീരിലും ഖമനെയിയുടെ മരണത്തിൽ പ്രതിഷേധ റാലി നടന്നു. ഖമനെയിയുടെ ചിത്രം കയ്യിലേന്തി കശ്മീരിൽ പ്രതിഷേധം നടന്നു. ഖമനെയിയെ കൊലപ്പെടുത്തിയെങ്കിലും പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ആക്രമണം തുടങ്ങിയ ഇറാൻ ഇന്നലെ രാത്രിയിൽ അത് ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്കു നേരെ ഇന്നലെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ പ്രയോഗിച്ച നിരവധി മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഗൾഫ് മേഖല കടുത്ത ആശങ്കയിലാണ്. ആക്രമണം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ഇതിനിടെ, ഇസ്രായേലിലെ ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ രാജ്യങ്ങളും ഇറാനും ഇസ്രയേലും വ്യോമപാതകൾ അടച്ചതോടെ മേഖല നിശ്ചലമായി. പ്രധാന കമ്പനികൾ എല്ലാം വിമാനങ്ങൾ പൂർണമായും റദ്ദാക്കി.ആയിരങ്ങൾ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇറാൻ യുഎസിന്‍റെ 27 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam