
മെല്‍ബണ്‍: അഫ്ഗാനിസ്താനിലെ സൈനിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓസ്‌േടലിയ വാഴ്ത്തിപ്പാടിയ സൈനിക ഉദ്യോഗസ്ഥന്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റില്‍. അഫ്ഗാനിസ്താനില്‍ നിരപരാധികളായ സാധാരണ മനുഷ്യരെ കൊന്നൊടുക്കിയ കേസുകളിലാണ് അറസ്റ്റ്. സംഭവം നടന്ന് രണ്ട് പതിറ്റാണ്ടിനുശേഷമാണ് നടപടി. 2018-ലാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഈ കൊടുംക്രൂരത പുറത്തുകൊണ്ടുവന്നത്.
ഓസ്ട്രേലിയന്‍ സൈന്യത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമതികള്‍ ലഭിച്ച ബെന്‍ റോബര്‍ട്ട്‌സ് സ്മിത്ത് എന്ന സൈനിക ഉദ്യോഗസ്ഥനാണ് സിഡ്നി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. അഫ്ഗാനിസ്ഥാനില്‍ നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് യുദ്ധക്കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയത്. ഓരോ കുറ്റത്തിനും ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്.
അഫ്ഗാനിസ്ഥാനില്‍ അഞ്ച് നിരായുധരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് 47 വയസ്സുള്ള ഈ മുന്‍ ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് അംഗത്തെ അറസ്റ്റ് ചെയ്തത്. 2006 മുതല്‍ 2012 വരെ അഫ്ഗാനിസ്ഥാനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിക്ടോറിയ ക്രോസ് ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സൈനിക ബഹുമതികള്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് റോബര്‍ട്ട്‌സ് സ്മിത്ത് ഓസ്‌േട്രലിയയുടെ ദേശീയ നായകനായി വാഴ്ത്തപ്പെട്ടു.
യുദ്ധവുമായി ഒര ബന്ധവുമില്ലാത്ത നിരായുധരായ സാധാരണക്കാരെയാണ് കൊല ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് കമ്മീഷണര്‍ ക്രിസി ബാരറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സൈനികരുടെ തടവിലായിരുന്നു ഇരകളെല്ലാം. ഇവര്‍ നിരായുധരായിരുന്നു. പ്രതി നേരിട്ടോ പ്രതിയുടെ ഉത്തരവ് പ്രകാരം കീഴുദ്യോഗസ്ഥരോ ആണ് കൊലകള്‍ നടത്തിയതെന്നും കമീഷണര്‍ പറഞ്ഞു.
2018-ലാണ് റോബര്‍ട്ട്‌സ് സ്മിത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ദി സിഡ്നി മോണിംഗ് ഹെറാള്‍ഡ്, ദി ഏജ്, ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യ എന്നിവയുള്‍പ്പെടെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖ പത്രങ്ങളുടെ ഉടമസ്ഥരായ നൈന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ഓസ്‌ട്രേലിയന്‍ സൈന്യം അഫ്ഗാനിസ്താനില്‍ നടത്തിയ കൊടുംക്രൂരതകള്‍ തുടര്‍പരമ്പരയായി പുറത്തുകൊണ്ടുവന്നത്. റോബര്‍ട്ട്‌സ് സ്മിത്ത് നിരായുധനായ അഫ്ഗാന്‍ കൗമാരക്കാരനെ വെടിവെച്ചു കൊന്നതായും കൈവിലങ്ങിട്ട ഒരാളെ മലയിടുക്കില്‍ നിന്ന് ചവിട്ടി താഴെയിട്ട ശേഷം വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടതായും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ക്കെതിരെ റോബര്‍ട്ട്‌സ്-സ്മിത്ത് വന്‍ നിയമപോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഓസ്ട്രേലിയയിലെ ഏറ്റവും ചെലവേറിയ മാനനഷ്ടക്കേസായിരുന്നു ഇത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് കൊലപാതക ആരോപണങ്ങളില്‍ നാലെണ്ണം സത്യമാണെന്ന് 2023-ല്‍ ഫെഡറല്‍ കോടതി ജഡ്ജി വിധിച്ചു. ഇതിനെതിരെ റോബര്‍ട്ട്‌സ് സ്മിത്ത് നല്‍കിയ അവസാന അപ്പീല്‍ 2025 സെപ്റ്റംബറില്‍ ഹൈക്കോടതി തള്ളി.
അഫ്ഗാന്‍ യുദ്ധത്തിനിടയില്‍ ഓസ്ട്രേലിയയുടെ സ്‌പെഷ്യല്‍ എയര്‍ സര്‍വീസ് റെജിമെന്റ് നിരായുധരായ ഡസന്‍ കണക്കിന് തടവുകാരെ കൊലപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് 2020-ലെ ഒരു റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയന്‍ സേനയുടെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. 53 കേസുകളില്‍ അന്വേഷണം നടത്താനാണ് തീരുമാനം. ഇതില്‍ 10 എണ്ണത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അടുത്ത ഫെബ്രുവരിയില്‍ മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam