നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ അഞ്ചാമതാണ് പാകിസ്ഥാൻ. 259 മില്യൺ ആണ് പാകിസ്ഥാനിലെ ജനസംഖ്യ. 2030-ഓടെ നാലാംസ്ഥാനത്തുള്ള ഇന്തോനേഷ്യയെ പാകിസ്ഥാൻ മറികടക്കുമെന്നാണ് വിലയിരുത്തൽ. കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ള പാകിസ്ഥാന് ഇത് വൻ ബാധ്യതയായി മാറുമെന്നാണ് കരുതുന്നത്.

ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിന് ഇനി രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ചുമതലയും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപവത്കരിച്ച ജനസംഖ്യാ നിയന്ത്രണത്തിനുള്ള പ്രത്യേക സമിതിയിലാണ് രാജ്യത്തെ സൈനിക മേധാവിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ സൈനിക മേധാവിയെ ഇത്തരം സമിതിയിൽ ഉൾപ്പെടുത്തിയതിൽ പാകിസ്ഥാനിൽ പരിഹാസവും വിമർശനവും ഉയരുന്നുണ്ട്. വിഷയത്തിൽ സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകളും നിറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനസംഖ്യാ വർധനവ് രാജ്യത്തിന്റെ അടിയന്തര വിഷയമായി പരി​ഗണിച്ച് ജനസംഖ്യാ നിയന്ത്രണത്തിനാണ് പാകിസ്ഥാന്റെ നീക്കം. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ അഞ്ചാമതാണ് പാകിസ്ഥാൻ. 259 മില്യൺ ആണ് പാകിസ്ഥാനിലെ ജനസംഖ്യ. 2030-ഓടെ നാലാംസ്ഥാനത്തുള്ള ഇന്തോനേഷ്യയെ പാകിസ്ഥാൻ മറികടക്കുമെന്നാണ് വിലയിരുത്തൽ. കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ള പാകിസ്ഥാന് ഇത് വൻ ബാധ്യതയായി മാറുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് പാക് സർക്കാർ ജനസംഖ്യ നിയന്ത്രണത്തിന് പ്രധാന്യം നൽകുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ജനസംഖ്യാ നിയന്ത്രണമെന്ന വിഷയം അടിയന്തര പ്രധാന്യത്തോടെയാണ് പാകിസ്ഥാൻ പരി​ഗണിക്കുന്നതെന്നായിരുന്നു പാക് ആരോ​ഗ്യമന്ത്രി സയീദ് മുസ്തഫ കമാലിന്റെ പ്രതികരണം. ഗർഭനിരോധന മാർ​ഗങ്ങളുടെ ലഭ്യതക്കുറവാണ് ജനനനിരക്ക് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ ജനസംഖ്യ നിയന്ത്രണത്തിന് ​ഗർഭനിരോധന ഉത്പന്നങ്ങൾക്ക് നികുതിയിളവ് ഉൾപ്പെടെ നൽകാനാണ് പ്രത്യേക സമിതിയുടെ ആലോചന. മാത്രമല്ല, ജനസംഖ്യ അടിസ്ഥാനമാക്കി വിവിധ പ്രവിശ്യകൾക്ക് നൽകുന്ന സഹായങ്ങളും വിഭവങ്ങളുടെ വിതരണവും ഉൾപ്പെടെ വെട്ടിക്കുറയ്ക്കാനും ആലോചനയുണ്ട്.

അതിനിടെ, പാക് സൈനിക മേധാവിയെ ഇത്തരമൊരു സമിതിയിൽ ഉൾപ്പെടുത്തിയതാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്. 'അസിം മുനീർ ഇതിൽ എന്താണ് ചെയ്യുക, ​ഗർഭനിരോധന ഉറ വിതരണം ചെയ്യുകയാണോ' എന്നതായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ഒരാളുടെ ചോദ്യം. ബലൂചിസ്ഥാനിലടക്കം അസിം മുനീർ ഫലപ്രദമായി ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. പാകിസ്ഥാനിലെ വിവിധ മാധ്യമപ്രവർത്തകരും അസിം മുനീറിന്റെ പുതിയ ചുമതലയിൽ വിമർശനമുന്നയിച്ചിട്ടുണ്ട്.