രാജ്യത്തെ കലാപങ്ങള്‍ അമേരിക്കയുടേയും ഇസ്രയേലിന്‍റെയും സൃഷ്ടി; പഴിചാരി അയത്തൊള്ള അലി ഖമേനി

Published : Oct 04, 2022, 05:40 AM IST
രാജ്യത്തെ കലാപങ്ങള്‍ അമേരിക്കയുടേയും ഇസ്രയേലിന്‍റെയും സൃഷ്ടി; പഴിചാരി അയത്തൊള്ള അലി ഖമേനി

Synopsis

ഒരു ദശാബ്ദത്തോളം നീണ്ട തന്‍റെ ഭരണത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രതിഷേധങ്ങളെന്നും കൂടുതല്‍ കലാപങ്ങളെ നേരിടാന്‍ സേന സജ്ജമാകണമെന്നും അയത്തൊള്ള അലി ഖമേനി

രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയെയും ഇസ്രയേലിനെയും പഴിചാരി ഇറാന്‍റെ പരമോന്നത നേതാവ്.  22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രതിഷേധ പരമ്പരകളേക്കുറിച്ച് ആദ്യമായി നടത്തിയ പൊതു പ്രസ്താവനയിലാണ് അയത്തൊള്ള അലി ഖമേനിയുടെ പരാമര്‍ശം. ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്തതാണ് നിലവിലെ കലാപമെന്നാണ് അയത്തൊള്ള അലി ഖമേനിയുടെ വിലയിരുത്തല്‍.

ഒരു ദശാബ്ദത്തോളം നീണ്ട തന്‍റെ ഭരണത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രതിഷേധങ്ങളെന്നും കൂടുതല്‍ കലാപങ്ങളെ നേരിടാന്‍ സേന സജ്ജമാകണമെന്നും അയത്തൊള്ള അലി ഖമേനി പറഞ്ഞു. തിങ്കളാഴ്ച പൊലീസ്, സായുധ സേനാ കേഡറ്റുകളുടെ ബിരുദദാനച്ചടങ്ങിലാണ് ബാഹ്യ ശക്തികളുടെ ഇടപെടലിനേക്കുറിച്ച് അയത്തൊള്ള അലി ഖമേനി സംസാരിച്ചത്. മഹ്സ അമീനിയുടെ മരണം ഹൃദയത്തെ തകര്‍ത്തുവെന്നും ഇറാന്‍റെ പരമോന്നത തലവന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങളുടെ അന്വേഷങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ തെരുവുകളെ അപകടകരമാക്കിയതും ഖുറാന്‍ കത്തിച്ചതും ശിരോവസ്ത്രം മാറ്റിയതും മോസ്കുകള്‍ക്കും കാറുകള്‍ക്കും തീയിട്ടതും സാധാരണമല്ലെന്നാണ് അയത്തൊള്ള അലി ഖമേനി പറയുന്നത്. വിദേശ ശക്തികള്‍ ആസൂത്രണം ചെയ്ത കലാപമാണെന്നും അത് രാജ്യം എല്ലാ മേഖലയിലും ശക്തിപ്രാപിക്കുന്നതിലുള്ള വിരോധം മൂലമാണെന്നും ഖമേനി പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങളോടുള്ള അക്രമാസക്തമായ പ്രതികരണം തങ്ങളെ ഭയപ്പെടുത്തുന്നതായി അമേരിക്ക പ്രതികരിച്ചു. രാജ്യത്തെ കലാപത്തിനും അശാന്തിക്കും ബാഹ്യ ശക്തികളെ പഴിചാരാതെ സ്വന്തം പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കണമെന്ന് ലണ്ടന്‍ പ്രതികരിച്ചു. ഇറാന്‍റെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ച് വരുത്തിയാണ് ടെഹ്റാനി നേതാക്കളോടുള്ള സന്ദേശം ലണ്ടന്‍ പങ്കുവച്ചത്.

22കാരിയായ മഹ്സ അമീനിയെ സെപ്തംബര്‍ 13നാണ് ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് കസ്റ്റഡിയില്‍ എടുത്തത്. മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം മഹ്സ അമീനി കോമ അവസ്ഥയിലാവുകയും മൂന്ന് ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ മഹ്സയുടെ തലയില്‍ ബാറ്റണ്‍ കൊണ്ട് തല്ലിയെന്നും വാഹനത്തില്‍ മഹ്സയുടെ തല ഇടിപ്പിച്ചുവെന്നുമാണ് മഹ്സയുടെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലെ പീഡനത്തിന് തെളിവില്ലെന്നും യുവതി മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നുമാണ് ഇറാന്‍ പൊലീസ് പറയുന്നത്. മഹ്സയുടെ സംസ്കാരത്തിന് പിന്നാലെ സ്ത്രീകള്‍ നയിക്കുന്ന നിരവധി പ്രതിഷേധങ്ങളാണ് ഇറാനില്‍ നടന്നത്. ശിരോവസ്ത്രം വലിച്ചെറിഞ്ഞും കത്തിച്ചും തെരുവുകളില്‍ സ്ത്രീകള്‍ പ്രതിഷേധിക്കുകയായിരുന്നു.  

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്