പാക് സര്‍ക്കാറിനെ വിറപ്പിച്ച് 'ആസാദി മാര്‍ച്ച്'; ഇമ്രാന്‍ ഖാന്‍ പടിയിറങ്ങണമെന്ന് ആവശ്യം

By Web TeamFirst Published Nov 1, 2019, 2:38 PM IST
Highlights

വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത് ഉലമ ഇസ്ലാം ഫസല്‍(ജെയുഐ-ഐ) നേതാവ് മൗലാന ഫസ്‍ലുര്‍ റഹ്മാനാണ് ഒക്ടോബര്‍ 27ന് സമരത്തിന് തുടക്കമിട്ടത്. 

ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ ആരംഭിച്ച പ്രക്ഷോഭം 'ആസാദി മാര്‍ച്ച്' ശക്തിപ്പെടുന്നു. ഒരുലക്ഷത്തോളം വരുന്ന പ്രക്ഷോഭകാരികള്‍  ഇസ്ലാമാബാദില്‍ ഇന്ന് കൂറ്റന്‍ റാലി നടന്നുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് പ്രക്ഷോഭകാരികള്‍ അറിയിച്ചു.

വലതുപക്ഷ രാഷ്ട്രീയക്കാരനായ ജാമിയത് ഉലമ ഇസ്ലാം ഫസല്‍(ജെയുഐ-ഐ) നേതാവ് മൗലാന ഫസ്‍ലുര്‍ റഹ്മാനാണ് ഒക്ടോബര്‍ 27ന് സമരത്തിന് തുടക്കമിട്ടത്. സമരം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന്‍ രാജിവെക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. 

സാമ്പത്തിക രംഗത്തെ തകര്‍ച്ച, ഭരണരംഗത്തെ വീഴ്ച എന്നിവ കാരണം സാധാരണക്കാരുടെ ജീവിതം ദുഷ്കരമായെന്നും സമരക്കാര്‍ ആരോപിച്ചു. ഒക്ടോബര്‍ 31ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചേരണമെന്നായിരുന്നു പ്രക്ഷോഭകരുടെ തീരുമാനം. എന്നാല്‍, വാഹനങ്ങളുടെ ആധിക്യം യാത്രയുടെ വേഗത കുറച്ചതിനാല്‍ ഇന്നാണ് തലസ്ഥാനത്തെത്തിയത്. സുക്കുര്‍, മുള്‍ട്ടാന്‍, ലാഹോര്‍, ഗുജ്റന്‍വാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഇസ്ലാമാബാദിലെത്തിയത്. പ്രധാനമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് ഫസ്‍ലുര്‍ റഹ്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ അണിചേര്‍ന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷത്തിന് ഫസ്‍ലുര്‍ റഹ്‍മാന്‍ നന്ദി അറിയിച്ചു. പെഷവാറിനടുത്തുള്ള മൈതാനത്ത് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇംറാന്‍ ഖാന്‍ പാവ മുഖ്യമന്ത്രിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. 

വെള്ളിയാഴ്ചത്തെ പ്രാര്‍ഥനക്ക് ശേഷം റാലി ആരംഭിച്ചു. പ്രതിപക്ഷ നേതാക്കളും റാലിയില്‍ പങ്കെടുത്തു. റാലിയെ നേരിടാനായി പാകിസ്ഥാന്‍ സര്‍ക്കാര്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. അതേസമയം സമരത്തിനെതിരെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രംഗത്തെത്തി. പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
 

click me!