
ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് ആക്രമണങ്ങളിലായി 25 പാക് സൈനികരെ കൊലപ്പെടുത്തിയെന്നും മൂന്ന് സൈനിക വാഹനങ്ങൾ തകർത്തുവെന്നും ബിഎൽഎ അവകാശപ്പെട്ടു. ആക്രമണത്തിൻ്റെ ഒരു മിനിറ്റും 11 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയും ബിഎൽഎ പുറത്തുവിട്ടു.
സിയാറത്ത് ക്രോസിൽവെച്ച് ഫൈറ്റർമാർ സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ടതായി ബിഎൽഎ വക്താവിനെ ഉദ്ധരിച്ച് ദ ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സൈനിക ട്രക്ക് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ തകർത്തതായും ബിഎൽഎ വക്താവ് അവകാശപ്പെട്ടു. ആദ്യം 18 പേർ കൊലപ്പെട്ടുവെന്ന് അവകാശപ്പെട്ട ബിഎൽഎ, പിന്നീട് മരണസംഖ്യ 25 ആയി ഉയർന്നുവെന്ന് അവകാശപ്പെട്ടു.
ബിഎൽഎയുടെ മീഡിയ വിഭാഗമായ ഹക്കലിലൂടെ ആണ് ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒരു മിനിറ്റും 11 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ, പാകിസ്ഥാൻ്റെ സൈനിക വാഹനങ്ങൾ കത്തിയമരുന്നതും സമീപത്തായി മൃതദേഹങ്ങൾ കിടക്കുന്നതും കാണാമെന്നാണ് റിപ്പോർട്ട്. ആയുധങ്ങൾ പിടിച്ചെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൽ മുഴുവൻ ദൃശ്യങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ബിഎൽഎ അറിയിച്ചു.
അതേസമയം മറ്റൊരു സ്ഥലത്ത് നടത്തിയ ഓപ്പറേഷനിൽ സൈനിക വാഹനം തകർത്തതായും ഏഴ് സൈനികരെ കൊലപ്പെടുത്തിയതായും ബിഎൽഎ പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. സുറബിലെ ഹജ്ക മേഖലയിൽ ബിഎൽഎയുടെ സ്പെഷ്യൽ ടാക്ടിക്കൽ ഓപ്പറേഷൻ സ്ക്വാഡ് സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam