
ധാക്ക: നിരോധിത സംഘടനകളായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി), ഹിസ്ബുത് തഹ്‌രീർ എന്നിവയുടെ ആറ് നേതാക്കള്‍ ഉൾപ്പെടെ 200 തീവ്രവാദികളെ പിടികൂടാനുറച്ച് ബംഗ്ലാദേശ്. അടുത്തിടെ രാജ്യത്ത് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ജമാഅത്തെ ഇസ്‌ലാം തലവന്‍റെ മകനും മൂന്ന് കെഎൻഎഫ് അംഗങ്ങളും ഉൾപ്പെടെ ഏഴ് തീവ്രവാദികൾ ആയുധങ്ങൾക്കൊപ്പം അറസ്റ്റിലായതിന് പിന്നാലെയാണ് രാജ്യത്ത് ശക്തമാകുന്ന തീവ്രവാദി സംഘടനകളുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
അടുത്ത കാലത്തായി രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടെന്നാണ് സര്‍ക്കാറിന്‍റെ നിരീക്ഷണം. നിരോധിത സംഘടനകൾ രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലപ്പോഴായി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിടികൂടിയ തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശക്തമായൊരു തീവ്രവാദ സംഘം രാജ്യത്ത് ശക്തിപ്പെടുന്നുണ്ടെന്നും ഇവര്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും വ്യക്തമായതെന്ന് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) ഉദ്യോഗസ്ഥർ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതേ തുടര്‍ന്ന് ധാക്ക മെട്രോപൊളിറ്റൻ പൊലീസിന്‍റെ (ഡിഎംപി) ആന്‍റി ടെററിസം യൂണിറ്റും (എടിയു) ഹിസ്ബുത്തഹ്‌രീർ തീവ്രവാദികളെന്നും സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്യാൻ പൊതുജനങ്ങളുടെ സഹായം തേടി. തീവ്രവാദ വിരുദ്ധ നിയമത്തിനും ഡിജിറ്റൽ സുരക്ഷാ നിയമത്തിനും കീഴിൽ ധാക്കയിലെ ഗുൽഷൻ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസുകളിലെ പ്രതികളായ തീവ്രവാദി നേതാക്കളുടെ ഫോട്ടോഗ്രാഫുകൾ എടിയു പ്രസിദ്ധീകരിച്ചു, അവരെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണേജന്‍സികള്‍ പൊതുജനങ്ങളഉടെ സഹായം തേടി. ഇതിനായി ജനങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതെ വിവരം കൈമാറുന്നതിനായി പ്രത്യേക മൊബൈൽ ഫോൺ ആപ്പും പുറത്തിറക്കി.
നേരത്തെയും തീവ്രവാദികളെ പിടികൂടാന്‍ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായെന്നും നടന്നില്ല. ഇതിനിടെ തീവ്രവാദി ആക്രമണത്തിനും ബ്ലോഗർമാരെ കൊലപ്പെടുത്തിയ കേസിലും പ്രതികളായ രണ്ട് പ്രധാന തീവ്രവാദ സംഘാടകരുടെയും നിരോധിത ഇസ്ലാമിക സംഘടനയായ അൻസറുല്ല ബംഗ്ലാ ടീമിലെ (എബിടി) നാല് അംഗങ്ങളുടെയും ചിത്രങ്ങളും ഡിഎംപി പുറത്തുവിട്ടു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ തീവ്രവാദികള്‍ ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, തീവ്രവാദികളെ പിടികൂടുതന്നതിനായി രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളില്‍ വേട്ട ആരംഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെട്ടു.
എലൈറ്റ് ഫോഴ്‌സ് പറയുന്നതനുസരിച്ച്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ലധികം തീവ്രവാദികൾ ഇപ്പോൾ ബന്ദർബനിലെയും രംഗമതിയിലെയും വിദൂര പ്രദേശങ്ങളിലെ കുക്കി-ചിൻ നാഷണൽ ഫ്രണ്ടിന്‍റെ (കെഎൻഎഫ്) നിരവധി പരിശീലന ക്യാമ്പുകളിൽ പരിശീലനം നേടുകയാണ്. കഴിഞ്ഞ ഒക്ടോബർ 10 ന് ധാക്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ 38 തീവ്രവാദികളുടെ പേരുകൾ ആർഎബി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണ ഏജന്‍സികള്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഇന്ത്യയുടെയും മ്യാൻമറിന്‍റെയും അതിർത്തിയിലുള്ള രാജ്യത്തിന്‍റെ പർവതമേഖലയിലേക്ക് വിനോദസഞ്ചാരികൾ യാത്ര ചെയ്യുന്നത് നിരോധിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam