ഇന്ത്യയുടെ തിരിച്ചടി, ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചു; അതിർത്തി വേലി ആരോപണത്തിൽ അതൃപ്തി അറിയിച്ചു

Published : Jan 13, 2025, 06:36 PM IST
ഇന്ത്യയുടെ തിരിച്ചടി, ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചു; അതിർത്തി വേലി ആരോപണത്തിൽ അതൃപ്തി അറിയിച്ചു

Synopsis

ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമയെ ബംഗ്ലാദേശ് ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ...

ദില്ലി: അതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. 4,156 കിലോമീറ്റര്‍ ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ബംഗ്ലാദേശ് ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ്, ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ഇന്നലെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

'ഹസീന സർക്കാർ വീണതിന് ശേഷമുള്ള അരാജകത്വം കാരണം നാടുവിട്ടതാണ്', 31 ബംഗ്ലാദേശ് പൗരന്മാർ തമിഴ്നാട്ടിൽ പിടിയിൽ

അതിര്‍ത്തിയിലെ വിഷയങ്ങൾക്കായി നിലവിലുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് അതിർത്തി വേലിയിലെ ഇന്ത്യൻ നടപടി എന്നാണ് ബംഗ്ലാദേശ് അവകാശപ്പെടുന്നത്. ഈക്കാര്യത്തിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നുറൽ ഇസ്ലാമിനെ വിദേശകാര്യമന്ത്രാലയം ഇന്നുച്ചയ്ക്ക് വിളിച്ചു വരുത്തിയത്. ആരോപണങ്ങളിൽ ഇന്ത്യ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഷെയ്ക് ഹസീന സർക്കാരിന്റെ വീഴ്ച്ചയോടെയാണ് ബംഗ്ലാദേശുമായുള്ള ബന്ധത്തിൽ വന്ന വിളളലിന്‍റെ തുടർച്ചയാണിത്.

അതിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബംഗ്ലാദേശുമായി മികച്ച സൈനിക സഹകരണമുണ്ടെന്നുമാണ് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അയൽക്കാർ എന്ന നിലയിൽ ബംഗ്ലാദേശ്, ഇന്ത്യക്ക് വളരെ പ്രധാന്യമുള്ള രാജ്യമാണ്. ബംഗ്ലാദേശ് സൈന്യവുമായി നിലവിൽ സഹകരണം തുടരുന്നുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വന്നാലെ മറ്റ് ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.

അതേസമയം പശ്ചിമ ബംഗാളിലെ മാൾഡ അതിർത്തിയിൽ ബംഗ്ലാദേശിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തിന് നേരെ ബി എസ്‌ എഫ്‌ വെടിയുതിർത്ത സംഭവത്തോടെയാണ് വേലികെട്ടാനുള്ള നീക്കം ഇന്ത്യ സജീവമാക്കിയത്. കള്ളക്കടത്ത് അടക്കം ചെറുക്കാൻ അതിർത്തിയിൽ വേലികെട്ടുന്നത് ഇന്നലെ ചർച്ചയായി എന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണോയ് വർമ പ്രതികരിച്ചിരുന്നു. ഇന്ത്യ ബംഗ്ളാദേശ് അതിർത്തിയിൽ ആയിരം കിലോമീറ്ററിനടുത്താണ് ഇനി വേലി കെട്ടാനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ