
ധാക്ക: ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്. ഇന്ത്യന്‍ സര്‍ക്കാര്‍ കുറ്റവിമുക്തരാക്കുകയോ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുകയോ ചെയ്യാതെ രാജ്യത്തേക്ക് സ്വന്തം പൗരന്മാരെ സ്വീകരിക്കില്ലെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. വിസ ചട്ടലംഘനം, മുന്നറിയിപ്പ് ലംഘിച്ച് സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ചാണ് തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്.
സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യയിലെ നിയമം ലംഘിച്ചെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുല്‍ മേമന്‍ ദ വീക്കിനോട് പറഞ്ഞു. എന്നാല്‍, സമ്മേളനത്തില്‍ പങ്കെടുത്ത എത്ര വിദേശീയര്‍ക്കെതിരെ കേസെടുത്തുവെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ബംഗ്ലാദേശ് സര്‍ക്കാറിന്റെ കണക്കനുസരിച്ച് 50ഓളം ബംഗ്ലാദേശ് പൗരന്മാര്‍ സമ്മേളനത്തിലെത്തി ഇന്ത്യയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.
ഇവരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല. ഇന്ത്യയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രോഗബാധിതരെ പ്രവേശിപ്പിക്കൂവെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ കുടുങ്ങിയ ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ലോക്ക്ഡൗണിന് മുമ്പാണ് ദില്ലി നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാതെയാണ് സമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam