അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങണം, ആവശ്യവുമായി 2100 പേര്‍; എല്ലാ കണ്ണുകളും മെയ് മൂന്നിലേക്ക്

By Web TeamFirst Published May 1, 2020, 11:53 AM IST
Highlights

ഇപ്പോള്‍ ഈ ഗ്രൂപ്പില്‍ 2100 പേരുണ്ട്. ഇവരില്‍ മുതിര്‍ന്ന പൗരന്മാരുണ്ട്, ഗര്‍ഭിണികളും ടൂറിസ്റ്റ് വിസയിലെത്തി കുടുങ്ങിപ്പോയ സഞ്ചാരികളും ജോലി നഷ്ടപ്പെട്ടുപോയവരുമുണ്ട്...

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ സുരേഷ് ബാബു മുത്തുപാണ്ടിയുടെ അമ്മ മരിച്ചിട്ട് പോലും അയാള്‍ക്ക് ഇന്ത്യയിലേക്ക് എത്താനായില്ല. 24 വര്‍ഷത്തോളമായി അമേരിക്കയില്‍ ഉള്ള മുത്തുപാണ്ടി വരുന്നതും കാത്ത് 30 ദിവസത്തേക്ക് അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വച്ചിരിക്കുകയാണ് ബന്ധുക്കള്‍. പക്ഷേ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്താന്‍ യാതൊരുവഴിയുമില്ല ഇയാള്‍ക്ക്. അമ്മയെ അവസാനമായി കാണാന്‍ പ്രൈവറ്റ് ജെറ്റ് എടുക്കാനും തയ്യാറാണ് മുത്തുപാണ്ടി. തന്നോട് ദയ കാണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇത് ഒരു മുത്തുപാണ്ടിയുടെ മാത്രം അവസ്ഥയല്ല. അവിടെ കഴിയുന്ന മിക്കവാറും ഇന്ത്യക്കാരെല്ലാം രാജ്യത്തേക്ക് തിരിച്ചെത്താന്‍ന്‍ പലവാതിലുകള്‍ മുട്ടി കാത്തിരിക്കുകയാണ്. 

കൊവിഡ് 19 വ്യാപനം മൂലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി  നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. മാര്‍ച്ച് 22 മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളും നിര്‍ത്തലാക്കിയതോടെ രാജ്യത്തേക്ക് മടങ്ങാനാകാതെ, സഹായം തേടി കാത്തിരിക്കുകയാണ് മിക്കവരും. 

ഏപ്രിലില്‍ അമേരിക്കയില്‍ കുടുങ്ങിയ ഒരു സംഘം ഇന്ത്യക്കാര്‍ ചേര്‍ന്ന്  ഫേസ്ബുക്കില്‍ കൂട്ടായ്മ രൂപീകരിച്ചിരുന്നു. ''USA to India Evacuation flights'' എന്നാണ് ആ കൂട്ടായ്മയുടെ പേര്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുന്നവരുടേതാണ് ഈ ഗ്രൂപ്പ്. ഏപ്രില്‍ 15 ന് ഈ സംഘം തങ്ങളെ ഇന്ത്യയിലെത്തിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിലെ ഇന്ത്യന്‍ എംബസിക്ക് നിവേദനം നല്‍കി. 

ഇപ്പോള്‍ ഈ ഗ്രൂപ്പില്‍ 2100 ലേറെ പേരുണ്ട്. ഇവരില്‍ മുതിര്‍ന്ന പൗരന്മാരുണ്ട്, ഗര്‍ഭിണികളും ടൂറിസ്റ്റ് വിസയിലെത്തി കുടുങ്ങിപ്പോയ സഞ്ചാരികളും  ജോലി നഷ്ടപ്പെട്ടുപോയവരുമുണ്ട്. എന്നാല്‍ ഇന്ത്യയിലെ ലോക്ക്ഡൗണ്‍ തീരുന്നതുവരെ വിമാനസര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നാണ് എംബസി അറിയിച്ചിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കയില്‍ പൗരത്വമുള്ള നാല് ദശലക്ഷം ഇന്ത്യന്‍ വംശജരുണ്ടാന്നാണ് കണക്കാക്കുന്നത്. വര്‍ക്കിംഗ് വിസയില്‍ ഒരു ദശലക്ഷം ആളുകളും 2 ലക്ഷം വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലുണ്ട്. ഏപ്രില്‍ 27 വരെ ചൈന, ഇറാന്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2468 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം പേരെയും ലോക്ക്ഡൗണിന് മുമ്പ് എത്തിച്ചതാണ്. അതുകൊണ്ടുതന്നെ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ തീരുന്ന മെയ് മൂന്നിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. 

മെയ് മൂന്നിന് ശേഷം അന്താരാഷ്ട്ര വിമാനസര്‍വ്വീസ് തുടങ്ങുമോ എന്ന് വ്യക്തമല്ല. നിരോധനം നീക്കിയാല്‍ പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് വിദേശമന്ത്രാലയം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സര്‍ക്കാര്‍ വൃന്ദങ്ങളെ ഉദ്ദരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതീക്ഷകള്‍ കൈവിടാതെ കാത്തിരിക്കുകയാണ് അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍. 
 

click me!