
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള ടൈംസ് സ്ക്വയറിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് കുത്തേറ്റ് മരിച്ചു. 32കാരിയായ എറിൻ പിയാസെന്റി ആണ് കൊല്ലപ്പെട്ടത്. 49കാരിയായ പമേല സിസ്നെറോസ് ആണ് ആക്രമണം നടത്തിയത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണത്തിൽ 68കാരനും കുത്തേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് മാനസ്സിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
വെസ്റ്റ് 42 സ്ട്രീറ്റിനും സെവൻത് അവന്യുവിനും സമീപം തിങ്കളാഴ്ച ഉച്ചയോടെ ആണ് ആക്രമണം ഉണ്ടായത്. കൊലയാളിയായ പമേല സിസ്നെറോസ് ക്വീൻസ് സ്വദേശിയാണെന്നും ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നതെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ഷോപ്പിങ് ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് കത്തികൾ ഉപയോഗിച്ചാണ് പമേല സിസ്നെറോസ് ആക്രമണം നടത്തിയത്. ആദ്യം 68കാരനെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമി, ഉടൻതന്നെ എറിൻ പിയാസെന്റിയെയും ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത്. പ്രതിക്ക് ഏറെ നാളായി മാനസ്സിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ന്യൂയോർക്ക് പൊലിസ് ഡിപ്പാർട്ട്മെൻ്റ് കമ്മീഷണർ ജെസിക്ക ടിഷ് പറഞ്ഞു.
ബാങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സെലക്ഷൻ ആൻ്റ് കോൺഫ്ലിക്ട്സ് യൂണിറ്റ് വൈസ് പ്രസിഡൻ്റായിരുന്നു കൊല്ലപ്പെട്ട എറിൻ പിയാസെന്റി. ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുംവഴിയാണ് എറിന് കുത്തേറ്റത്. പ്രസവാവധിക്ക് ശേഷം അടുത്തിടെ ആണ് എറിൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. നാല് ദിവസം മുമ്പ് ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം എറിൻ പങ്കുവെച്ചിരുന്നു.
എറിൻ്റെ വിയോഗം വേദനിപ്പിക്കുന്നതാണെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ ഗ്ലോബൽ കോർപറേറ്റ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ് ബാങ്കിങ് വിഭാഗം പ്രസിഡൻ്റ് മാത്യു കോഡർ പറഞ്ഞു. സഹപ്രവർത്തകയുടെ ദൗർഭാഗ്യകരമായ വേർപാടിൽ അതീവ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഏറെ പ്രിയപ്പെട്ട, ഒരുപാട് ഓർമ്മിക്കപ്പെടുന്ന സഹപ്രവർത്തകയായിരുന്നു എറിൻ എന്നും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ബാങ്ക് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam