ഭൂമിയുടെ സംരക്ഷണത്തിനായി പണം മുടക്കൂ; ശതകോടീശ്വരന്‍മാര്‍ക്കെതിരെ വില്യം രാജകുമാരന്‍

By Web TeamFirst Published Oct 16, 2021, 10:52 AM IST
Highlights

ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ചില ആളുകളുടെ ബുദ്ധിയും മനസും  ഭൂമിയിലെ നിരവധി സംരക്ഷണ ജോലികള്‍ക്ക് ആവശ്യമാണ്, അല്ലാതെ ഭൂമി അല്ലാതെ ജീവിക്കാന്‍ മറ്റിടങ്ങള്‍ തേടിപ്പോവുന്ന പ്രവണത ശരിയല്ലെന്നും വില്യം

ബഹിരാകാശത്തേയ്ക്ക് ടൂറിസത്തിന്‍റെ (Space tourism) സാധ്യതകള്‍ തേടുന്ന ലോകത്തിലെ തന്നെ സമ്പന്നര്‍ക്കെതിരെ വിമര്‍ശനവുമായി വില്യം രാജകുമാരന്‍ (Prince William). ഭൂമിയില്‍ അവരുടെ സമ്പത്ത് ഉപയോഗിച്ച് പരിഹരിക്കാന്‍ സാധിക്കുന്ന പല കാര്യങ്ങളും ചെയ്യാതെയാണ് ബഹിരാകാശ ടൂറിസത്തിനായുള്ള സാധ്യതകള്‍ ഇവര്‍ തേടുന്നതെന്നാണ് വിമര്‍ശനം. വ്യാഴാഴ്ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വില്യമിന്‍റെ പ്രതികരണം.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ (Amazon founder Jeff Bezos) റോക്കറ്റില്‍ സ്റ്റാര്‍ ട്രെക്ക് അഭിനേതാവായ വില്യം ഷാന്‍റര്‍ ബഹിരാകാശത്തേക്ക്  പോയതിന് പിന്നാലെയാണ് വില്യമിന്‍റെ പ്രതികരണം. ബഹിരാകാശത്തേക്ക് പോവുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് വില്യം ഷാന്‍റര്‍. ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ചില ആളുകളുടെ ബുദ്ധിയും മനസും  ഭൂമിയിലെ നിരവധി അറ്റകുറ്റ പണികള്‍ക്ക് ആവശ്യമാണ്, അല്ലാതെ ഭൂമി അല്ലാതെ ജീവിക്കാന്‍ മറ്റിടങ്ങള്‍ തേടിപ്പോവുന്ന പ്രവണത അല്ല വേണ്ടതെന്നും വില്യം രാജകുമാരന്‍ പറഞ്ഞു.

ജെഫ് ബെസോസിന്‍റെ ബഹിരാകാശ സഞ്ചാര കമ്പനിയായ ബ്ലൂ ഒറിജിനില്‍ ബുധനാഴ്ചയാണ് 90 വയസുകാരനായ വില്യം ഷാന്‍റര്‍ ബഹിരാകാശത്ത് പോയി വന്നത്. കോടീശ്വരന്മാരായ ഇലോണ്‍ മസ്ക്, റിച്ചാര്‍ഡ് ബ്രാന്സണും സ്വന്തമായി ബഹിരാകാശ വിനോദ സഞ്ചാര സാധ്യതകള്‍ തേടുന്നതിനിടയിലാണ് വില്യം രാജകുമാരന്‍റെ പരാമര്‍ശത്തിന്‍റെ പ്രസക്തി. അത്രയും ഉയരത്തിലേക്ക് പോകാന്‍ തനിക്ക് അല്‍പം പോലും താല്‍പര്യമില്ലെന്നാണ് ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയായ വില്യമിന് ബഹിരാകാശത്തേക്ക് പോവാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടി.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഇനിയെങ്കിലും ശ്രദ്ധ നല്‍കണമെന്നാണ് വില്യം രാജകുമാരന്‍റെ വിലയിരുത്തല്‍. ഭീഷണി നേരിടുന്ന ഭാവിയിലേക്കാണ് പുതിയ തലമുറ വളര്‍ന്നുവരുന്നതെന്ന മുന്നറിയിപ്പും നല്‍കാന്‍ വില്യം മടിക്കുന്നില്ല. 

click me!