ബ്രിട്ടനില്‍ പാര്‍ലമെന്‍റ് അംഗത്തെ കുത്തികൊലപ്പെടുത്തിയത് ഭീകരാക്രമണമെന്ന് ബ്രിട്ടൻ

By Web TeamFirst Published Oct 16, 2021, 7:06 AM IST
Highlights

വേദിയിലേക്ക് അതിക്രമിച്ച് കയറി അക്രമകാരി ഡേവിഡ് അമെസിനെ തുടരെ തുടരെ കഠാരകൊണ്ട് കുതതിയെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലണ്ടന്‍: ബ്രിട്ടനില്‍ പാര്‍ലമെന്‍റ് അംഗത്തെ കുത്തികൊലപ്പെടുത്തിയത് ഭീകരാക്രമണമെന്ന് ബ്രിട്ടൻ. സൗത്ത്എൻഡ് വെസ്റ്റ് മണ്ഡലത്തിലെ എംപി ഡേവിഡ് ആമിസാണ് ( MP David Amess) ഇന്നലെ മരിച്ചത്. ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ലെയ്ഗ് ഓൺ സീയിലെ മെത്തഡിസ്റ്റ് പള്ളിയിൽ വോട്ടര്‍മാരുമായി സംവദിക്കവെയാണ്  ഡേവിഡ് ആമിസ് കുത്തേറ്റ് മരിച്ചത്. 

വേദിയിലേക്ക് അതിക്രമിച്ച് കയറി അക്രമകാരി ഡേവിഡ് അമെസിനെ തുടരെ തുടരെ കഠാരകൊണ്ട് കുതതിയെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ തല്‍ക്കാലം ബ്രിട്ടന്‍ പുറത്തുവിട്ടിട്ടില്ല. 

'സംഭവസ്ഥലത്ത് തന്നെ എംപി മരിക്കുകയാണ് ഉണ്ടായത്. കൊലപാതകിക്ക് 25 വയസ് ഉണ്ടാകും. സംഭവസ്ഥലത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്' പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വേറെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

വിവാഹിതനായ ഡേവിഡ് അമെസിന് അഞ്ച് മക്കളാണ് ഉള്ളത്. ബസില്‍ഡോണിനെ പ്രതിനിധീകരിച്ച് 1983ലാണ് ആദ്യമായി ഡേവിഡ് അമെസ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എത്തുന്നത്. 97 മുതല്‍ സൗത്ത് എന്‍ഡ് വെസ്റ്റിനെ പ്രതിനിധീകരിക്കുന്നു. 2015 പൊതു ജന സേവനത്തിന് രാജ്ഞിയുടെ പുരസ്കാരം നേടിയിട്ടുണ്ട്. 

കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ ഔദ്യോഗിക പതാക താഴ്ത്തിക്കെട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ജനധിപത്യത്തിനെതിരായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ തന്റെ പാര്‍ട്ടി എംപിയായ ഡേവിഡ് ആമിസണിന്‍റെ കൊലപാതകത്തെ വിശേഷിപ്പിച്ചത്.

click me!