Ukraine Crisis : യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് ബെലാറൂസ്; മനുഷ്യത്വ ഇടനാഴി ഫലപ്രദമോ, ഇന്നറിയാമെന്ന് യുക്രൈൻ

Web Desk   | Asianet News
Published : Mar 04, 2022, 06:30 PM IST
Ukraine Crisis : യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് ബെലാറൂസ്; മനുഷ്യത്വ ഇടനാഴി ഫലപ്രദമോ, ഇന്നറിയാമെന്ന് യുക്രൈൻ

Synopsis

ഇതുവരെ 2000 പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ പറഞ്ഞു. ചർച്ചയിൽ റഷ്യ ഉറപ്പ് നൽകിയ മനുഷത്വ ഇടനാഴികൾ പ്രവർത്തിക്കുമോ എന്ന് ഇന്ന് അറിയാമെന്നും യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 

കീവ്: റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ (Russia Ukraine War)  ഭാ​ഗമാകില്ലെന്ന് ബെലാറൂസ് (Belarus) . ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും ബെലാറൂസ് പ്രസിഡന്റ് ലുക്കാഷെങ്കോ പറഞ്ഞു. അതേസമയം, ഇതുവരെ 2000 പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ പറഞ്ഞു. ചർച്ചയിൽ റഷ്യ ഉറപ്പ് നൽകിയ മനുഷത്വ ഇടനാഴികൾ പ്രവർത്തിക്കുമോ എന്ന് ഇന്ന് അറിയാമെന്നും യുക്രൈൻ പ്രസിഡന്റ് സെലൻസ്കി (Zelenskyy)  പറഞ്ഞു. 

റഷ്യൻ ജനതയോട് പ്രസിഡന്റ് വ്ലാദിമർ പുടിനെതിരെ പ്രതിഷേധിക്കാൻ യുക്രെയ്ൻ പ്രസിഡന്‍റ്  വ്ലാദമിർ സെലൻസ്കി ആഹ്വാനം ചെയ്തു.  തെരുവിലിറങ്ങി പ്രതിഷേധിക്കുക, ഞങ്ങൾ ജീവിക്കണമെന്ന് നിങ്ങളുടെ സർക്കാരിനോട് പറയുക. ഇതാണ് സെലൻസ്കിയുടെ ആഹ്വാനം. യുക്രൈന് മീതെ നോ ഫ്ലൈ സോൺ പ്രഖ്യാപിക്കണമെന്ന ആവശ്യം സെലൻസ്കി ആവർത്തിച്ചു. 

അതിനിടെ, യുക്രൈൻ നാവിക സേന സ്വന്തം പടക്കപ്പൽ മുക്കിയതായി റിപ്പോർട്ട് പുറത്തുവന്നു. റഷ്യൻ സേനയ്ക്ക് പടക്കപ്പൽ കിട്ടാതിരിക്കാനായണ് സ്വന്തം കപ്പൽ യുക്രൈൻ നശിപ്പിച്ചു കളഞ്ഞത്. ഹെറ്റ്മാൻ സാഹൈദാച്നി എന്ന ഫ്രിഗേറ്റാണ് കടലിൽ മുക്കിയത്. മൈകൊലൈവിൽ അറ്റകുറ്റപണികൾക്കായി എത്തിച്ച കപ്പൽ നശിപ്പിച്ചതായി യുക്രൈൻ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 

യുദ്ധത്തിൽ ഇതുവരെ 9166 സേനാംഗങ്ങളെ റഷ്യക്ക് നഷ്ടമായെന്നാണ് വിവരം. 3 പോർവിമാനങ്ങൾ, 37 ഹെലിക്കോപ്റ്റർ, 251 ടാങ്ക്, 105 പടക്കോപ്പുകൾ, 50 മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകൾ, 939 സൈനിക വാഹങ്ങൾ, 2 ബോട്ടുകൾ, 18 വ്യോമവേധ സംവിധാനങ്ങൾ എന്നിവ തകർന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ സേന കരിങ്കടലിലെ മൈക്കോലയിവ് തുറമുഖ നഗരത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു.  പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

അതേസമയം, യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമി‌‍ർ സെലൻസ്കിയെ വധിക്കാൻ കഴിഞ്ഞയാഴ്ച മാത്രം മൂന്ന് തവണ ശ്രമം നടന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു.  യുക്രെെൻ പ്രസിഡൻ്റിനെ വധിക്കാൻ രണ്ട് സംഘങ്ങൾ നിയോഗിക്കപ്പെട്ടെന്നാണ് റിപ്പോ‌ർട്ട്. ക്രെമ്‌‍ലിൻ പിന്തുണയുള്ള വാഗ്ന‌ർ ഗ്രൂപ്പും, ചെചെൻ സ്പെഷ്യൽ ഫോഴ്സസുമാണ് സെലൻസ്കിയെ വധിക്കാൻ നിയോഗിക്കപ്പെട്ടതെന്ന്   ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . റഷ്യൻ ചാരസംഘടന എഫ്എസ്ബിയിലെ തന്നെ യുദ്ധവിരുദ്ധ ചേരിയാണ് കൊലപാതക ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമെന്ന് ദി ടൈംസ് അവകാശപ്പെടുന്നു.  വാഗ്ന‌ർ സംഘത്തിന്റെ എല്ലാ നീക്കങ്ങളെക്കുറിച്ചും യുക്രൈൻ സുരക്ഷ സേനയ്ക്ക് കൃത്യമായ വിവരം കിട്ടിയെന്ന് പറയപ്പെടുന്നു. വാഗ്ന‌ർ ഗ്രൂപ്പിൽ നിന്നുള്ള 400 അംഗ സംഘമാണ് സെലൻസ്കിയെ വധിക്കാൻ നിയോഗിക്കപ്പെട്ടതെന്നാണ്  ഇൻ്റലിജൻസ് റിപ്പോ‌ർട്ട്. 

യുക്രൈന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ സന്നദ്ധതയുമായി സൗദി അറേബ്യ

റഷ്യക്കും (Russia) യുക്രൈനുമിടയില്‍ (Ukraine) മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ (Saudi Arabia). ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും (Vladimir Putin) യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി (Volodymyr Zelenskyy) നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (Mohammed bin Salman ) രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്.

പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള യുക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 

Read Also: പുടിന്റെയും റഷ്യയിലെ അതിസമ്പന്നരുടേയും സ്വകാര്യവിമാനം ട്രാക്ക് ചെയ്‍ത് ജാക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞാൻ പറയാത്ത വാക്കുകൾ അവർ എന്റെ വായിൽ കുത്തിക്കയറ്റി, ഉടൻ കേസ് നൽകും'; ബിബിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ട്രംപ്
അതിപ്പോഴും ഹിമാലയത്തിൽ എവിടെയോ ഉണ്ട്! 60 വർഷം മുമ്പ് സിഐഎ വിട്ടുപോയ ആണവ ഉപകരണം, അകത്ത് നാഗസാക്കിയയിൽ പ്രയോഗിച്ച പ്ലൂട്ടോണിയത്തിന്റെ മൂന്നിലൊന്ന്