പുട്ടിന്റെ സ്വകാര്യ വിമാനത്തെയും അവൻ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ ആ വിമാനം റഷ്യയ്ക്കുള്ളിൽ മാത്രമാണ് യാത്രകൾ നടത്തിയിട്ടുള്ളതെന്ന് അവൻ പറഞ്ഞു.
ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കി(Elon musk)ന്റെ സ്വകാര്യ വിമാനം ട്രാക്ക് ചെയ്തതോടെയാണ് ജാക്ക് സ്വീനി(Jack Sweeney) എന്ന കൗമാരക്കാരൻ ജനശ്രദ്ധ നേടുന്നത്. എന്നാൽ, ഇപ്പോൾ അവൻ ഒരു പുതിയ ദൗത്യത്തിന്റെ പിന്നാലെയാണ്: റഷ്യ(Russia)യിലെ അതിസമ്പന്നരുടെ സ്വകാര്യ ജെറ്റുകൾ ട്രാക്ക് ചെയ്യുക. അക്കൂട്ടത്തിൽ പുടിന്റെ സ്വകാര്യ വിമാനങ്ങളെയും ജാക്ക് പിന്തുടരുന്നുണ്ട്. ഈ വിമാനങ്ങളുടെ തത്സമയ ലൊക്കേഷൻ ട്വിറ്റർ പേജിലൂടെ ജാക്ക് ആളുകൾക്കായി പങ്കുവെക്കുന്നു.
സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ജാക്ക്. താൻ വികസിപ്പിച്ചെടുത്ത ഒരു അൽഗോരിതം അടിസ്ഥാനമാക്കിയാണ് വിമാനങ്ങൾ ട്രാക്ക് ചെയ്യുന്നതെന്ന് അവൻ പറഞ്ഞു. ഈ രീതിയിൽ റഷ്യൻ പ്രഭുക്കന്മാരുടെ 30 സ്വകാര്യ ജെറ്റുകൾ അവൻ ട്രാക്കുചെയ്യുന്നു. ഭരണകൂടത്തിൽ സ്വാധീനമുള്ള, സർക്കാരുമായുള്ള രാഷ്ട്രീയ ബന്ധങ്ങളുള്ള വരേണ്യവർഗത്തെയാണ് റഷ്യൻ ശതകോടീശ്വരന്മാർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മസ്‌കിനെ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അൽഗോരിതം ഉപയോഗിച്ച് റഷ്യൻ അതിസമ്പന്നരുടെ സ്വകാര്യ വിമാനങ്ങൾ നിരീക്ഷിക്കാനാകുമോ എന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ തന്നോട് ചോദിച്ചിരുന്നുവെന്ന് ജാക്ക് പറഞ്ഞു. യുക്രൈനിനെതിരെ റഷ്യ ആക്രമണം അഴിച്ചുവിട്ടതോടെ റഷ്യൻ വിമാനങ്ങൾ ട്രാക്ക് ചെയ്യാൻ കൗമാരക്കാരൻ തീരുമാനിക്കുകയായിരുന്നു. @RUOligarchJets, @Putinjte എന്നീ രണ്ട് ട്വിറ്റർ പേജിലൂടെയാണ് ജാക്ക് വിമാനങ്ങളുടെ വിവരങ്ങൾ ആളുകൾക്കായി പങ്കുവെക്കുന്നത്. ഈ പേജുകൾ ആരംഭിച്ചതുമുതൽ, ട്വിറ്റർ അക്കൗണ്ടിൽ അവന് 340,000 -ത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചു. "ആളുകൾ ഈ ശതകോടീശ്വരന്മാരുടെ ആസ്തികൾ എത്രയെന്ന് അറിയാനും, അവരുടെ യാട്ടുകളും, ജെറ്റുകളും എവിടെയാണെന്ന് അറിയാനും ആഗ്രഹിക്കുന്നു,” ജാക്ക് പറഞ്ഞു.
പുട്ടിന്റെ സ്വകാര്യ വിമാനത്തെയും അവൻ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ ആ വിമാനം റഷ്യയ്ക്കുള്ളിൽ മാത്രമാണ് യാത്രകൾ നടത്തിയിട്ടുള്ളതെന്ന് അവൻ പറഞ്ഞു. ജാക്ക് ഇപ്പോൾ ഇൻഫർമേഷൻ ടെക്‌നോളജിയാണ് പഠിക്കുന്നത്. ഏവിയേഷൻ മെഖലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ആകാനാണ് ജാക്കിന്റെ ആഗ്രഹം. യുഎസിലായതിനാൽ ഭീഷണികളെക്കുറിച്ചോ, സുരക്ഷയെക്കുറിച്ചോ തനിക്ക് ആശങ്കയില്ലെന്നും, വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ ജെറ്റുകൾ ട്രാക്കുചെയ്യുമെന്നും അവൻ പറഞ്ഞു. ഇംഗ്ലണ്ടിലെ പ്രശസ്തമായ ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ റോമൻ അബ്രമോവിച്ചിന്റെ വിമാനങ്ങളും, റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ പ്രകൃതിവാതക കമ്പനിയായ നൊവാടെക്കിന്റെ ഉടമ ലിയോനിഡ് മിഖേൽസണിന്റെ വിമാനങ്ങളും, വ്യവസായി അലിഷർ ഉസ്മാനോവിന്റെ വിമാനങ്ങളും അവൻ ട്രാക്ക് ചെയ്യുന്ന വിമാനങ്ങളിൽ ഉൾപ്പെടുന്നു.
അതേസമയം, 226 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്കിന്റെ സ്വകാര്യ വിമാനം താൻ ഇപ്പോഴും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് ജാക്ക് പറഞ്ഞു. മസ്കിന്റെ സ്വകാര്യ ജെറ്റിന്റെ സഞ്ചാര പാത ട്രാക്ക് ചെയ്യുന്ന അക്കൗണ്ട് അടച്ചുപൂട്ടാൻ ജാക്കിന് മസ്‌ക് 5,000 ഡോളറാണ് വാഗ്ദാനം ചെയ്തത്. അതായത് 3.75 ലക്ഷം രൂപ. എന്നാൽ ജാക്ക് ആ പണം നിരസിച്ചു. പകരം, 50,000 ഡോളറോ അല്ലെങ്കിൽ ടെസ്‌ലയിൽ ഒരു ഇന്റേൺഷിപ്പോ നൽകിയാൽ ആലോചിക്കാമെന്ന് അവൻ മറുപടിയും നൽകി.
