മെഹുൽ ചോക്‌സിക്ക് കനത്ത തിരിച്ചടി: പിഎൻബി വായ്പാ തട്ടിപ്പ് കേസിലെ അറസ്റ്റ് ശരിവെച്ചു; ഇന്ത്യക്ക് കൈമാറാമെന്നും ബെൽജിയം കോടതി

Published : Oct 17, 2025, 09:33 PM IST
Mehul Choksi

Synopsis

പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയത്തിലെ ആൻ്റ്‌വെർപ്പ് കോടതി ഉത്തരവിട്ടു. ഇന്ത്യ ചുമത്തിയ കുറ്റങ്ങൾ ബെൽജിയൻ നിയമപ്രകാരവും ശിക്ഷാർഹമാണെന്ന് കണ്ടെത്തി. 

ആൻ്റ്‌വെർപ്: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയത്തിലെ കോടതി ഉത്തരവിട്ടു. ബെൽജിയൻ നഗരമായ ആൻ്റ്‌വെർപ്പിലെ കോടതിയാണ് കേസിലെ മുഖ്യ പ്രതിയായ മെഹുൽ ചോ‌ക്‌സിയുടെ അറസ്റ്റ് ശരിവെച്ചുകൊണ്ട് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടത്. അതേസമയം ഇനിയും അപ്പീലിന് അവസരമുള്ളതിനാൽ മെഹുൽ ചോക്‌സിയെ ഉടൻ ഇന്ത്യയിലെത്തിക്കാനാവുമോയെന്ന് ഉറപ്പില്ല. എങ്കിലും കേസിലെ മുഖ്യപ്രതിയായ മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്നതിൽ ആദ്യ പടിയായാണ് ഈ കോടതി ഉത്തരവ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും നയതന്ത്ര ഇടപെടലിൻ്റെയും ഫലമായാണ് 2025 ഏപ്രിൽ 11 ന് ആന്റ്‌വെർപ്പ് പോലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ ബെൽജിയത്തിൽ തടവിൽ കഴിയുകയാണ് ഇയാൾ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനയാത്ര അസാധ്യമെന്ന് പറഞ്ഞ് ഒന്നിലധികം ജാമ്യാപേക്ഷകൾ മെഹുൽ ചോക്സി കോടതിയിൽ സമർപ്പിച്ചെങ്കിലും എല്ലാം നിരാകരിക്കപ്പെട്ടിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചോദ്യം ചെയ്ത് മെഹുൽ ചോക്സി സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേട്ടു. 

ബെൽജിയത്തിലെ ഇന്ത്യയുടെ അഭിഭാഷകരും മെഹുൽ ചോക്സിയുടെ അഭിഭാഷകരും തമ്മിൽ ശക്തമായ വാദപ്രതിവാദം കോടതിയിൽ നടന്നു. ഇന്ത്യയിൽ ചോക്‌സിക്കെതിരെ ചുമത്തിയിരിക്കുന്ന ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ, അഴിമതി എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ബെൽജിയൻ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് കോടതി കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. 

അന്താരാഷ്ട്ര ഉടമ്പടികൾ പ്രകാരം രണ്ട് രാജ്യത്തും കുറ്റകരമായ കൃത്യം നടത്തിയതിനാലാണ് മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ കോടതി ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120B, 201, 409, 420, 477A എന്നീ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ 7, 13 വകുപ്പുകൾ പ്രകാരവുമാണ് ഇന്ത്യ ചോക്സിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

കേസിന്റെ വാദത്തിനിടെ, ബെൽജിയം ഒപ്പുവച്ചിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ അഴിമതിക്കെതിരായ കൺവെൻഷൻ (UNCAC), യുഎൻ കൺവെൻഷൻ എഗൈൻസ്റ്റ് ട്രാൻസ്‌നാഷണൽ ഓർഗനൈസ്‌ഡ് ക്രൈം (UNTOC) എന്നിവ ഇന്ത്യ ചൂണ്ടിക്കാട്ടി. തെളിവുകൾ സമർപ്പിക്കുന്നതിനായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) സംഘം മൂന്ന് തവണ ബെൽജിയം സന്ദർശിച്ചിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്