
ടെഹ്റാന്‍: കൊറോണവൈറസ് ബാധിക്കാതിരിക്കാന്‍ മദ്യപിച്ചാല്‍ മതിയെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ച 27 പേര്‍ ഇറാനില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനില്‍ 20 പേരും വടക്കന്‍ മേഖലയായ അല്‍ബോര്‍സില്‍ 7 പേരുമാണ് വ്യാജമദ്യം കഴിച്ച് വിഷബാധയേറ്റ് മരിച്ചത്. ഇറാനില്‍ സമ്പൂര്‍ണ മദ്യ നിരോധനമാണെങ്കിലും ചിലര്‍ വ്യാജമദ്യമുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ചിലര്‍ വന്‍തോതില്‍ മദ്യം നിര്‍മിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വ്യാജ മദ്യം കഴിച്ച് വിഷബാധയേറ്റ് 218 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ജുന്‍ദിഷാപുര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു. കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ മദ്യം കഴിച്ചാല്‍ മതിയെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വ്യാജമദ്യം വാങ്ങി കുടിച്ചതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചതെന്ന് അല്‍ബോര്‍സ് ഡെപ്യൂട്ടി പ്രൊസിക്യൂട്ടര്‍ മുഹമ്മദ് അഘായാരി പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൈന കഴിഞ്ഞാല്‍ കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. 7161 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 237 പേര്‍ മരിക്കുകയും ചെയ്തു. മദ്യ ദുരന്തമുണ്ടായ ഖുസെസ്താനില്‍ മാത്രം 16 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊറോണവൈറസ് ബാധിക്കാതിരിക്കാനെന്ന പേരില്‍ നിരവധി വ്യാജ സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam