
വാഷിംഗ്ടണ്: അമേരിക്കയിൽ വീണ്ടും കറുത്തവര്ഗ്ഗക്കാരനെതിരെ പൊലീസിന്റെ അതിക്രമം. കറുത്തവർഗക്കാരനു നേരെ മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ പൊലീസ് വെടിയുതിർത്തു. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്കൊണ്സിനിലെ കെനോഷയിൽ പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.
അരയ്ക്കുകീഴെ തളർന്ന ബ്ലേയ്ക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 25ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുന്പേയാണ് ബ്ലേയ്ക്കിനെതിരായ ആക്രമണം.
ഇതോടെ അമേരിക്കൻ തെരുവുകൾ വീണ്ടും ബ്ലാക്ക്സ് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളാൽ നിറഞ്ഞിട്ടുണ്ട്. വിസ്കൊണ്സിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിൽ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസെത്തി. ഇവരാകട്ടെ ബ്ലേയ്ക്കിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ടു.
എന്നാൽ, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാൻ തുടങ്ങി. ഇതോടെ പൊലീസ് പുറകിൽനിന്നും വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബ്ലേയ്ക്കിന്റെ മൂന്ന് മക്കളും കാറിൽ ഇരിക്കുന്പോഴായിരുന്നു പൊലീസിന്റെ വെടിവെപ്പെന്ന് ബ്ലെയ്ക്കിന്റെ അഭിഭാഷകൻ വ്യക്തമാക്കി.അതേ സമയം കെനോഷയിലെ തെരുവുകൾ കലാപസമാനമാണെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് വിസ്്കോൻസിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിസ്കോൻസിൻ ഗവർണർ ടോണി എവേഴ്സ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കെനോഷയിൽ സുരക്ഷ സേനയെ ഉൾപ്പെടെ വിന്യസിച്ചെങ്കിലും അതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. നീതിയും സമാധാനവുമില്ല, ബ്ലാക്ക്സ് ലൈവ്സ് മാറ്റർ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജനം തെരുവിലിറങ്ങിയത്.
പോലീസിനുനേരെയും ആക്രമമണമുണ്ടായി. പോലീസ് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. പ്രതിഷേധക്കാരെ തടയാൻ റോഡിനു കുറുകെയിട്ടിരുന്ന ട്രക്കുകൾ ഉൾപ്പെടെ തീയിട്ടു. നിരവധി കടകൾക്കുനേരെയും ആക്രമണമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam