തുര്‍ക്കിയിലെ ഇസ്താംബൂളിൽ വൻ സ്ഫോടനം: ആറ് പേര്‍ മരിച്ചു, അൻപതിലേറെ പേര്‍ക്ക് പരിക്ക്

Published : Nov 13, 2022, 09:51 PM IST
തുര്‍ക്കിയിലെ ഇസ്താംബൂളിൽ വൻ സ്ഫോടനം: ആറ് പേര്‍ മരിച്ചു, അൻപതിലേറെ പേര്‍ക്ക് പരിക്ക്

Synopsis

തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ്  നഗരമധ്യത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനമുണ്ടായത്.


ഇസ്താംബുൾ: തുര്‍ക്കി നഗരമായ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്‌ട്രീറ്റായ ഇസ്‌തിക്‌ലാലിൽ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 53  പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. പ്രാഥമിക വിലയിരുത്തലുകൾ വച്ച് സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. 

തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ്  നഗരമധ്യത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പൊലീസ് വളഞ്ഞു. ഹെലികോപ്റ്ററുകര്‍ നഗരത്തിന് മുകളിൽ ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്. 

പെട്ടെന്നുണ്ടായ സ്ഫോടനത്തിൽ ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും സ്ഫോടനസ്ഥലത്ത് നാല് പേര്‍ വീണ് കിടക്കുന്നത് കണ്ടുവെന്നും സ്ഫോടനസ്ഥലത്തുണ്ടായ ദൃക്സാക്ഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വലിയ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്നും സ്ഥലത്ത് കറുത്ത പുക മൂടിയെന്നും ഇദ്ദേഹം പറയുന്നു. 

സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാതടപ്പിക്കുന്ന ശബ്ദവും തീജ്വാലയും സ്ഫോടനത്തോടൊപ്പം ഉണ്ടാകുന്നതും ആളുകൾ നിലവിളിച്ച് പരക്കം പായുന്നതും വീഡിയോയിൽ കാണാം. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടു. 

നേരത്തെ 2015-16 കാലത്ത് ഇസ്താംബൂൾ നഗരത്തിൽ പലവട്ടം സ്ഫോടനങ്ങളുണ്ടാവുകയും ഇസ്തിക്‌ലാൽ സ്ട്രീറ്റ് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.  ഇസ്ലാമിക് സ്റ്റേറ്റ്സ് ആണ് അന്നത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഐ.എസ് ആക്രമണങ്ങളിൽ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തനിക്കൊപ്പം നിന്നില്ലെങ്കിൽ യൂറോപ്പ് ഇല്ലാതാക്കുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്; പുറത്ത് നിന്ന് ഉപദേശം വേണ്ടെന്ന് യൂറോപ്പ്
ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്