വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു, 15 പേർ കൊല്ലപ്പെട്ടു, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ

Published : Jul 11, 2026, 03:33 PM IST
vietnam boat tragedy

Synopsis

അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. 15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് അടിയന്തര പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായ മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.

സംഭവത്തെത്തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ ഇന്ത്യൻ എംബസിയിലും അടിയന്തര കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും ആകെ ജീവഹാനിയും സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കായി അധികൃതർ അന്വേഷണം നടത്തിവരികയാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമാധാന ധാരണ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇറാൻ; കടുപ്പിച്ച് ട്രംപ്, ചർച്ചകൾ തുടരുന്നു
56 ദിവസത്തെ തടവ്, നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി